ന്യൂദൽഹി-അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ ഗുരുതര രോഗങ്ങൾക്കും രോഗാവസ്ഥകൾക്കുമുളള മരുന്നുകളുടെ വിലയിൽ കുത്തനെ കുറവുണ്ടാകുമെന്ന് സൂചന. 70 ശതമാനത്തോളം കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായാണ് സൂചന. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. തീരുമാനം സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.
രാജ്യത്തെ മരുന്ന് നിർമാണ കമ്പനികളുമായി 26ന് കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. ഇതിൽ രാജ്യത്ത് അധികവിലയ്ക്ക് വിൽക്കുന്ന മരുന്നുകളുടെ കണക്ക് മരുന്ന് കമ്പനികളുടെ മുന്നിൽ കേന്ദ്രം വയ്ക്കുമെന്നാണ് സൂചന. ക്യാൻസറിനടക്കമുളള മരുന്നുകൾ ഇത്തരത്തിൽ തീവിലയ്ക്ക് വിൽക്കുന്നതായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിലവിൽ രാജ്യത്തെ മരുന്ന് വിപണിയുടെ 17 ശതമാനവും ചിലവ് കേരളത്തിലാണ്. അതിനാൽ മരുന്ന്‌വിലയിലെ മാറ്റം ഏറെഗുണം ചെയ്യുക കേരളത്തിനാണ്. പാരസെറ്റമോൾ, വിറ്റാമിൻ ഗുളികകൾ, പ്രമേഹം ഹൃദ്രോഗം എന്നിവയ്ക്കുളള മരുന്നുകൾക്ക് ഏപ്രിലിൽ വില വർദ്ധിച്ചിരുന്നു.40000ലധികം മരുന്നുകൾക്കാണ് ഇത്തരത്തിൽ വില കൂടിയത്. ജീവൻ രക്ഷാമരുന്നുകൾക്കും ക്യാൻസർ രോഗത്തിനുളള മരുന്നുകൾക്കും നിലവിൽ 12 ശതമാനം ജിഎസ്ടിയുണ്ട്. ഇതിൽ കുറവ് വന്നാൽ വില വളരെ കുറയുമെന്നാണ് കരുതുന്നത്. വില കുറയ്ക്കുന്നതിനുളള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ മരുന്നുകമ്പനികൾക്ക് മുന്നിൽ വയ്ക്കുമെന്നാണ് വിവരം.