ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ബി.ജെ.പി ജില്ലാ നേതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. ഈ മാസം 19നാണ് 28 കാരനായ അഖീല്‍ അഹമ്മദ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം പ്രാദേശിക ചന്തക്കു പോയ അഖീലും ചാരു ശുക്ല എന്നയാളും തമ്മില്‍ ഊഞാലുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നു. ചാരുശുക്ലയുടെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയാണ് അഖീലിനെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അഖീലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചന്തയിലുണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ലഖിംപൂര്‍ ഖേരി പോലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ അനൂപ് ശുക്ല ബി.ജെ.പി നേതാവാണ്. ചാരുശുക്ല, രാജത് രസ്‌തോഗി, ബ്രിജേഷ് ശുക്ല എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സംഭവത്തില്‍ അന്വേഷണം പുര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്നും പോലീസ് അഡീഷണല്‍ സൂപ്രണ്ട് അരുണ്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.






