യു.പിയില്‍ പതിനഞ്ചുകാരിയെ കത്തിച്ചു; ഒരാള്‍ അറസ്റ്റില്‍ 

കാണ്‍പുര്‍- ഉത്തര്‍പ്രദേശില്‍ പെപ്പില്‍നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 15 വയസ്സായ പെണ്‍കുട്ടിയെ കത്തിച്ചു. കാണ്‍പുര്‍ ദെഹാത് ജില്ലയിലെ ബയ്‌ന ഗ്രാമത്തിലാണ് സംഭവം. രമേശ് ബാബു ദോരയുടെ മകള്‍ നിധിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെപ്പില്‍നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലി ഗ്രാമത്തിലെ ബീരു, സോനു, നീരജ് എന്നീ യുവാക്കളുമായി നിധിയുടെ കുടുംബം  നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ ഈ യുവാക്കളും മറ്റു രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ തടയുകയായിരുന്നു. എതിര്‍പ്പ് വകവെക്കാതെ പൈപ്പിനരികിലേക്ക് നീങ്ങിയ പെണ്‍കുട്ടിയെ സംഘം മര്‍ദിച്ച ശേഷം കത്തിക്കുകയായിരുന്നു. കാണ്‍പുര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റു നാല് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

Latest News