Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ പട്ടാപ്പകല്‍ മുഖംമൂടി ആക്രമണം: നാട്ടുകാരന്‍ അറസ്റ്റില്‍

കൊച്ചി - പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തി വീട്ടമ്മയെ ആക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പല്ലാരിമംഗലത്ത് വാടകക്ക് താമസിക്കുന്ന മട്ടാഞ്ചേരി സ്വദേശി കണ്ടത്തില്‍ അഫ്‌സല്‍ (33)നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റുചെയ്ത്.
പല്ലാരിമംഗലം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിറപ്പാട്ട് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ മീരാ മുഹമ്മദാണ് (65) ആണ് ആക്രമണത്തിന് ഇരയായത്. പോലീസില്‍ ജോലിയുള്ള മകനും സഹകരണ ബാങ്കില്‍ ജോലിയുള്ള മരുമകളും ജോലിക്ക് പോയതിനാല്‍ വീട്ടമ്മ ഒറ്റക്കാണന്നറിഞ്ഞാണ് മോഷ്ടാവ് കവര്‍ച്ചക്ക് എത്തിയത്.
 ഉച്ചക്ക് രണ്ട് മണിയോട്കൂടി പര്‍ദ ധരിച്ച് മുഖംമൂടി ഇട്ട മോഷ്ടാവ് വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ചക്ക് ശ്രമിക്കുകയായിരുന്നു. മുഖംമൂടി ഇട്ട് അകത്തുകടന്ന മോഷ്ടാവിനെ കണ്ട വീട്ടമ്മ ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായും മൂക്കും പൊത്തിപ്പിടിച്ച് കീഴ്‌പ്പെടുത്താനുള്ള ശ്രമവും നടന്നു. ഒരു കയ്യില്‍ കത്തിയുമായി ആക്രമിക്കാനെത്തിയ മോഷ്ടാവിനെ ആത്മധൈര്യം കൈവിടാതെ വീട്ടമ്മ പ്രതിരോധിച്ചു. ഇതിനിടയിലാണ് വീട്ടമ്മക്ക് പരിക്കേറ്റത്. വീട്ടമ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
മെയിന്‍ റോഡില്‍ നിന്നും 500 മീറ്റര്‍ അകലെ ഒറ്റപ്പെട്ട പ്രദേശത്താണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയത്. പരിക്കുപറ്റിയ വീട്ടമ്മ ഒച്ചവെച്ച് ആളെ കൂട്ടുകയായിരുന്നു. ഓടികൂടിയ സമീപവാസികള്‍ വീട്ടമ്മയുടെ തലയും ചെവിയും മുറിഞ്ഞ് രക്തം ഒഴുകുന്ന നിലയിലാണ് സമീപവാസികള്‍ കണ്ടത്. ഉടനെ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോത്താനിക്കാട് പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. തുടര്‍ന്ന് ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തുകയും അയല്‍വാസിയുടെ മൊഴിയെടുക്കുകയും ചെയ്തു. അയല്‍വാസികളില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം പ്രദേശവാസികളായ ചിലരെ ചുറ്റിപ്പറ്റി പോലീസ് നിരീക്ഷണം തുടങ്ങി. പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവില്‍ സമീപവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കവര്‍ച്ചക്കെത്തിയ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയ പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡോഗ് സ്‌ക്വാഡിനെയും വിരലടയായ വിദഗ്ധ സംഘത്തെയും എത്തിച്ചു. ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയിലാണ് മോഷ്ടാവിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം കോടതിയില്‍  ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Latest News