സ്‌കൂള്‍ വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം, പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍ - സ്‌കൂള്‍ കഴിഞ്ഞ് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ വിദ്യാര്‍ഥിക്കുനേരെ പ്രകൃതിവിരുദ്ധ ലൈംഗിക ആക്രമണം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കുരിയച്ചിറ മലയാറ്റില്‍ സഫലാര്‍ സുധീര്‍ ഇസ്‌ലാഹി (22) യെയാണ് ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. ഗീതുമോള്‍ അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ  18 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി, ക്ലാസ് കഴിഞ്ഞ്, വീട്ടിലേക്ക് പോകുന്നതിനായി വടക്കേ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ കയറി, സീറ്റിലിരിക്കുമ്പോള്‍ കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും ലൈംഗിക ആവശ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തു.  ഇയാള്‍ ഇതിനുമുമ്പും ഇതേ വിദ്യാര്‍ഥിയെ പിന്തുടര്‍ന്ന്, സമാനമായ രീതിയില്‍ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്.
ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദുര്‍ഗാലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍ എം. ഹരീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നത് .

 

Latest News