ഇടുക്കി- അനുബന്ധ സംഭരണികളില്‍ നിന്നുളള നീരൊഴുക്ക് സുഗമമാക്കിയതോടെ ഈ മഴക്കാലത്ത് ഇടുക്കി സംഭരണിയിലേക്ക് ഒഴുകിയെത്തിയത് 210 കോടി യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ അധിക ജലം.മഴവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള കണക്കുകള്‍ താരതമ്യം ചെയ്തപ്പോള്‍ ഇത്രയും വര്‍ധന കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ സംഭരണിയുടെ വൃഷ്ടി പ്രദേശത്ത് മഴ കുറവായിരുന്നു. എന്നാല്‍ നീരൊഴുക്ക് സുഗമമാക്കിയതോടെ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ ജലം സംഭരണിയിലേക്ക് ഒഴുകിയെത്തിയെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2019ല്‍ ഒരു മില്ലീ മീറ്റര്‍ മഴ പെയ്യുമ്പോള്‍ 0.25 ദശലക്ഷം ഘന മീറ്റര്‍ ജലമായിരുന്നു സംഭരണിയിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കില്‍ വിവിധ പദ്ധതികളിലൂടെ നീരൊഴുക്ക് സുഗമമാക്കിയതോടെ 2022ല്‍ ഇത് ഒരു മില്ലീമീറ്റര്‍ മഴക്ക് 0.52 ദശലക്ഷം ഘന മീറ്ററായി വര്‍ധിച്ചു.2021ല്‍ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 18 വരെയുള്ള കാലയളവില്‍ ഇടുക്കി സംഭരണിയുടെ പദ്ധതി പ്രദേശത്ത് ലഭിച്ചത് 105.63 സെ. മീറ്റര്‍ മഴയായിരുന്നു. ഒഴുകിയെത്തിയ വെള്ളമാകട്ടെ 519.53 ദശലക്ഷം ഘന മീറ്ററും. എന്നാല്‍ നീരൊഴുക്ക് സുഗമാക്കിയതോടെ ഈ വര്‍ഷം മഴ കുറഞ്ഞെങ്കിലും സംഭരണിയിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവില്‍ വര്‍ധനയുണ്ടായി. ജൂണ്‍ 18 വരെ 103.1 സെ. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ തന്നെ 539.4 ദശലക്ഷം ഘന മീറ്റര്‍ ജലം സംഭരണിയിലേക്ക് ഒഴുകിയെത്തി.ജില്ലയില്‍ ഇന്നലെ വരെ മഴയില്‍ 30 ശതമാനത്തിന്റെ കുറവുണ്ട്.






