ന്യൂദല്‍ഹി- വഴിയോര കച്ചവടക്കാരനോട് ചോളത്തിനു വില പേശുന്ന കേന്ദ്രമന്ത്രിയുടെ വീഡിയോ വിവാദമായി. ഒരു ചോളത്തിന് 15 രൂപ ചോദിച്ച വഴിയോരക്കച്ചവടക്കാരനോട് വിലപേശിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഫഗ്ഗന്‍ സിംഗ് കുലസ്‌തെക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. കുലസ്‌തെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പ്രൊഫൈലില്‍നിന്നാണ് വീഡിയോ പങ്കുവെച്ചത്. വഴിയില്‍ ചോളം വില്‍ക്കുന്നത് കണ്ട് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി ചോളം തയ്യാറാക്കേണ്ടതിനെ കുറിച്ച് വഴിയോരക്കച്ചവടക്കാരന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയിലുണ്ട്.
മൂന്ന് ചോളങ്ങള്‍ക്ക് 45 രൂപയാണ് കച്ചവടക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വില വളരെ കൂടുതലാണെന്നും ചോളം സൗജന്യമായി ലഭിക്കുന്ന സ്ഥലമാണിതെന്ന് തനിക്ക് അറിയാമെന്നും കുലസ്‌തെ പറഞ്ഞു.
താങ്കള്‍ കാറില്‍ വന്നത് കൊണ്ട് താന്‍ ചോളത്തിന് വില കൂട്ടിയിട്ടില്ലെന്നും ഈ വിലയ്ക്ക് തന്നെയാണ് എല്ലാവര്‍ക്കും ചോളം നല്‍കുന്നതെന്നും കച്ചവടക്കാരന്‍ മറുപടി നല്‍കി. തന്റെ മുന്നില്‍ നില്‍ക്കുന്നത് കേന്ദ്രമന്ത്രിയാണെന്ന് അറിയാതെയായിരുന്നു വഴിയോരക്കച്ചവടക്കാരന്റെ പ്രതികരണം.
കേന്ദ്രമന്ത്രിക്ക് ഒരു ചോളത്തിന് 15 രൂപ എന്നത് വളരെ വലിയ സംഖ്യയാണെങ്കില്‍ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ വിഭാഗം ചെയര്‍മാന്‍ കെ.കെ മിശ്ര ട്വീറ്റ് ചെയ്തു.
आज सिवनी से मंडला जाते हुए। स्थानीय भुट्टे का स्वाद लिया। हम सभी को अपने स्थानीय किसानों और छोटे दुकानदारों से खाद्य वस्तुओं को ख़रीदना चाहिए। जिससे उनको रोज़गार और हमको मिलावट रहित वस्तुएँ मिलेंगी। @MoRD_GoI @BJP4Mandla @BJP4MP pic.twitter.com/aNsLP2JOdU
— Faggan Singh Kulaste (@fskulaste) July 21, 2022