പത്താം ക്ലാസ് വിദ്യാര്‍ഥി ദിശ തെറ്റി സൈക്കിള്‍ ചവിട്ടി, മാതാപിതാക്കള്‍ തീ തിന്ന ഒരു രാത്രി

കൊടുങ്ങല്ലൂര്‍- കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ റോഡരികിലെ വീടിന്റെ ടെറസില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ കുന്നുകര പഞ്ചായത്തിലെ അയിരൂര്‍ ക്രൈസ്തവ ചര്‍ച്ചിന് സമീപത്തെ വീടിന് മുകളിലാണ് കണ്ടെത്തിയത്.
വീടിനടുത്തുള്ള ട്യൂഷന്‍ സെന്ററില്‍നിന്ന് സൈക്കിളില്‍ കൊടുങ്ങല്ലൂര്‍ ആനാപ്പുറത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം മടങ്ങുമ്പോള്‍ വഴിതെറ്റി നെടുമ്പാശ്ശേരി വിമാനത്താവള റോഡിലൂടെ സഞ്ചരിച്ചതാണെന്നു പറയുന്നു. ദിശ അറിയാതെ  സൈക്കിള്‍ ചവിട്ടി അവശനായ ശേഷം സൈക്കിള്‍ വഴിയരികില്‍വെച്ച ശേഷം വീടിന്റെ ഗോവണി കയറി ടെറസില്‍ കയറി കിടക്കുകയായിരുന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോവുകയും ചെയ്തു. ഈ സമയമാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയത്.
പോലീസും ബന്ധുക്കളും നാട്ടുകാരും സഹപാഠികളും കുട്ടിയെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പല മാര്‍ഗങ്ങളും തേടി. കൊടുങ്ങല്ലൂര്‍ പോലീസും ബന്ധുക്കളും നാട്ടുകാരുടെ സഹായത്തോടെ ആനാപ്പുറം മുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നതിനിടെയാണ് പുലര്‍ച്ചയോടെ വഴിയരികില്‍ വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അസമീപത്തെ വീട്ടുടമയെ വിളിച്ചുണര്‍ത്തി ടെറസിലെത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
വഴി ചോദിക്കാനുള്ള മടിയാണ് വഴിതെറ്റി അലക്ഷ്യമായി സഞ്ചരിക്കാന്‍ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരെ വിളിച്ചു വരുത്തി പുലര്‍ച്ചയോടെ പോലീസ് കുട്ടിയെ കൈമാറി.  കുട്ടിയെ കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറിയ ശേഷവും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അതിനെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

 

Latest News