Sorry, you need to enable JavaScript to visit this website.

ദളിത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ; സുപ്രീം കോടതി  ഉത്തരവ് ചോദ്യം ചെയ്ത ആദ്യ സംസ്ഥാനം കേരളം

ന്യൂദല്‍ഹി- പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന എസ്‌സി, എസ്ടി നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയുള്ള ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയില്‍ കേരളവും കക്ഷി ചേര്‍ന്നു. നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നാണു ഹരജിയില്‍ കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാവുന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ജി. പ്രകാശ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ കേരളം ആവശ്യപ്പെട്ടു.
അധികാര പരിധി കടന്നുള്ള നിയമ നിര്‍മാണമാണ് സുപ്രീം കോടതിയുടേതെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്. വൈകാരികമാണു വിഷയമെന്നും നിയമം ദുര്‍ബലപ്പെടുത്തിയത് രാജ്യത്തെ സൗഹൃദ അന്തരീക്ഷം തകര്‍ത്തുവെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. 
മാര്‍ച്ച് 20 ലെ ഉത്തരവ് പുനഃപരിശോധിക്കാന്‍ കോടതി തയ്യാറായിരുന്നില്ല. വിധിക്കെതിരേ ദളിത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 
സുപ്രീം കോടതി ഉത്തരവിനെതിരെ കേരളമടക്കം നാലു കക്ഷികളാണ് ഹരജികള്‍  ഫയല്‍ ചെയ്തിരിക്കുന്നത്. കേരളത്തിനു പുറമെ, മധ്യപ്രദേശ് ബഹുജന്‍ സംഘര്‍ഷ് ദള്‍, മധ്യപ്രദേശ് എസ്ടി എംപ്ലോയീസ് യൂണിയന്‍, നാഷണല്‍ എസ്‌സി, എസ്ടി യൂത്ത് അസോസിയേഷന്‍ എന്നിവരും ഇന്നലെ സുപ്രീം കോടതിയില്‍  ഹരജി നല്‍കിയിട്ടുണ്ട്.
എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കെതിരേ ഉണ്ടാകുന്ന ലൈംഗിക അതിക്രമം, മര്‍ദനം, കൊലപാതകം, ആസിഡ് ആക്രമണം തുടങ്ങിയ കേസുകളില്‍ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇരകളെ ഭീഷണിപ്പെടുത്താനും ശരിയായ അന്വേഷണം തടസ്സപ്പെടാനും അതുവഴി ഇരകള്‍ക്ക് നീതി ലഭ്യമാവാതിരിക്കാനും സാധ്യത കൂടുതലാണ്. പ്രാഥമിക അന്വേഷണത്തിന്റെ പേരില്‍ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കേരളം നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്യപ്പെടാനും നീതി ലഭിക്കുന്നത് വൈകാനും കാരണമാവുമെന്ന് ദളിതുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ടു പലപ്പോഴായുള്ള വിവിധ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി കേരളം ഹരജിയില്‍ പറയുന്നു. 
പട്ടിക വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിലവില്‍ നിയമം ഉണ്ടെങ്കിലും അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് നാഷനല്‍ ക്രൈം റെേക്കാര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ ചൂണ്ടിക്കാട്ടി ഹരജിയില്‍ വിശദീകരിച്ചു. കണക്കുകള്‍ അനുസരിച്ച് 2016 ല്‍ പട്ടികവിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 47,338 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24.9 ശതമാനം കേസുകളില്‍ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. 89.3 ശതമാനം കേസുകളും ഇപ്പോഴും വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. 
എസ്‌സി, എസ്ടി നിയമത്തിലെ 18 ാം വകുപ്പ് ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനമല്ലെന്ന് ഉത്തരവില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയാണ്. 1989 ലെ നിയമം ദുര്‍ബലപ്പെടുത്തുന്നത് ഈ വിഭാഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങളെ തകര്‍ക്കുമെന്നും വിധി പട്ടികവര്‍ഗക്കാര്‍ക്കെതിരായ മറ്റ് അതിക്രമ കേസുകളില്‍ കൂടി പ്രയോഗിച്ചാല്‍ ദുരുപയോഗം ഉണ്ടാകുമെന്നും കേരളം ചൂണ്ടിക്കാട്ടി.
    

Latest News