സ്വർണ കള്ളക്കടത്ത്:കോടതിമാറ്റ ആവശ്യത്തിന് പിന്നിലെന്ത്?

രാഷ്ട്രീയ എതിരാളികൾക്ക് നേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കള്ളക്കേസുകൾ ചമയ്ക്കുകയാണെന്ന ആരോപണം ശക്തമായിട്ട് നാളുകളേറെയായി. ബി.ജെ.പി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഭരണ മുന്നണിയിൽ പെട്ട രാഷ്ട്രീയ നേതാക്കളെ ഇ.ഡിയുടെ പേരുപറഞ്ഞ് കേന്ദ്ര സർക്കാർ വലിയ തോതിൽ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്നതും പരസ്യമായ രഹസ്യമാണ്. 
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ എൻഫോഴ്‌സ്‌മെന്റിനെ ദുരുപയോഗം ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുകൾ അതിന് ഇരയായ രാഷ്ട്രീയ നേതാക്കൾ തന്നെ നടത്തിയിട്ടുണ്ട്. ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും നിശിതമായി വിമർശിക്കുന്ന നേതാക്കളുടെ മേൽ എപ്പോഴും ഇ. ഡിയുടെ കണ്ണുണ്ടായിരിക്കും. എത് നിമിഷവും അവർ കേസിൽ പെടാമെന്നുള്ളതാണ് സ്ഥിതി. എറ്റവുമൊടുവിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം ഇ.ഡിയുടെ തുടർച്ചയായ നടപടികൾക്കും ചോദ്യം ചെയ്യലിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്ര സർക്കാരിന് എറ്റവുമധികം സ്വാധീന ശേഷിയുള്ള അന്വേഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബി.ജെ.പി ഇതര സർക്കാരുകൾ കേന്ദ്രത്തിൽ ഭരണത്തിലിരുന്നപ്പോൾ വളരെ പ്രമാദമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ മാത്രമാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. 
എന്നാൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാന പോലീസ് അന്വേഷിക്കേണ്ട കേസുകളിൽ പോലും ഇ.ഡി കൈകടത്തുകയും അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത് വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാരുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള എറ്റുമുട്ടലിന് കാരണമായിട്ടുണ്ട്. 
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉയർന്ന സ്വർണക്കടത്ത് കേസിൽ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരള സർക്കാരും ഭരണകക്ഷിയിലെ നേതാക്കളും ഉന്നത സ്വാധീനമുള്ള പ്രതികളും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇ.ഡി ഉന്നയിക്കുന്ന ആരോപണം. കേരളത്തിലെ കോടതികളെപ്പോലും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് ചെയ്യുന്നത്. ഇപ്പോൾ കേസ് നടക്കുന്ന എറണാകുളത്തെ കോടതിയിൽ നീതിയുക്തമായ വിചാരണ സാധ്യമാകില്ലെന്നാണ് ഇ.ഡിയുടെ വാദം. സംസ്ഥാന സർക്കാർ അന്വേഷണത്തെ വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സാക്ഷികളെ സ്വാധീനിക്കാനും മൊഴികൾ തിരുത്തിക്കാനും  നീക്കം നടത്തുന്നുവെന്നും ഇ.ഡിയിലെ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അവരുടെ പ്രതിഛായ തകർക്കുന്നുവെന്നതടക്കമുള്ള വിവിധ ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ ഇ.ഡി ഉന്നയിച്ചിട്ടുള്ളത്. കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
സ്വർണ കള്ളക്കടത്ത് കേസിൽ കഴമ്പുണ്ടോയെന്നും മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചുമെല്ലാം സത്യസന്ധമായി അന്വേഷണം നടക്കണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. അത്തരത്തിൽ അന്വേഷണം നടത്തുന്നതിന് ഇ.ഡിക്ക് പൂർണ സ്വാതന്ത്ര്യവുമുണ്ട്. 
എന്നാൽ അന്വേഷണത്തിന്റെ പേരിൽ കേരളത്തിലെ നിയമ വ്യവസ്ഥയെ ആകെ തള്ളിപ്പറിയുകയും കോടതികളെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്നതിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. കേരളത്തിലെ കോടതികൾ സംസ്ഥാന സർക്കാരിന്റെ ആജ്ഞാനുവർത്തികളാണെന്ന തോന്നൽ പൊതു സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. കേസ് തെളിയിക്കുന്നതിനേക്കാൾ കേരളത്തിലെ നിയമ സംവിധാനത്തെയാകെ താറടിക്കുന്നതിനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന സംശയം ഉയരുകയാണ്. 
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലെ ശരിതെറ്റുകളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ വെയ്ക്കാൻ വിജ്ഞാപനം ഇറക്കിയിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും ഇതടക്കമുള്ള കാര്യങ്ങൾ കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നതിന് വേണ്ടി ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങളായി ഇ.ഡി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി മാറ്റത്തിനായി 59 പേജുകളിലായി തയാറാക്കിയ വിശദമായ റിപ്പോർട്ടാണ് ഇ.ഡി സമർപ്പിച്ചിട്ടുള്ളത്. 
കള്ളപ്പണക്കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന കർണാടകയിലേക്കാണെന്നത് ഇ.ഡിയുടെ നീക്കത്തെ സംശയ ദൃഷ്ടിയോടെ നോക്കാൻ പ്രേരിപ്പിക്കുന്നതാണ്. കോടതി മാറ്റം വേണമെന്ന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല. മറിച്ച് ഒരു മാസത്തിലേറെക്കാലമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നു വരുന്നുണ്ട്. കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ ഇതിന് മുൻപും പല കേസുകളിൽ നിരവധി ഹരജികൾ എത്തിയിട്ടുണ്ട്. എന്നാൽ രാജ്യം ഉറ്റുനോക്കുന്ന വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിൽ മാത്രമേ മറ്റൊരു സംസ്ഥാനത്തേക്കുള്ള കോടതി മാറ്റം സുപ്രീം കോടതി അനുവദിക്കാറുള്ളൂ. 
എതെങ്കിലും സംസ്ഥാന സർക്കാരുകൾ അന്വേഷണത്തെ പൂർണമായും തടസ്സപ്പെടുത്തുകയോ അല്ലെങ്കിൽ കോടതികൾ ഭരണ സ്വാധീനങ്ങളിൽ പെട്ടുപോകുകയോ, കേസിലെ സാക്ഷികൾക്ക് എതെങ്കിലും തരത്തിലുള്ള ഭീഷണികൾ മൂലം കോടതികളിൽ ഹാജരാകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുകയോ  ചെയ്യുന്ന അപൂർവ ഘട്ടങ്ങളിലാണ് കോടതി മാറ്റം അനുവദിക്കാറുള്ളത്. എന്നാൽ സ്വർണ കള്ളക്കടത്ത് കേസിൽ ഇത്തരം സാഹചര്യങ്ങളൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. ഇ.ഡിയുടെ അന്വേഷണം എതെങ്കിലും വിധത്തിൽ തടസ്സപ്പെട്ടിട്ടുമില്ല. ദേശീയ അന്വേഷണ എജൻസികൾ സാധാരണ കോടതി മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്താറില്ല. 
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സ്വർണ കള്ളക്കടത്ത് കേസുമായി കൂട്ടിയോജിപ്പിക്കാൻ ഇതുവരെ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലായെന്നതാണ് അവർ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷ് കേസ് എറെ മുന്നോട്ട് പോയ സമയത്ത് ഉന്നയിച്ച ആരോപണങ്ങളും കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയുമാണ് മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയുടെ കൈയിലുള്ള തുറുപ്പുചീട്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലേക്ക് കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, അങ്ങനെ ചെയ്യുമ്പോൾ കോടതിയിൽ നിന്ന് വലിയ തിരിച്ചടി നേരിടാനുള്ള സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്  കേസ് ബി.ജെ.പി ഭരിക്കുന്ന കർണാടകയിലേക്ക്  മാറ്റാനായി ശ്രമിക്കുന്നത്. കർണാടകയിലെ കോടതിയിൽ കേസ് നടത്തുമ്പോൾ രാഷ്ട്രീയമായി വലിയ പിന്തുണ കിട്ടുമെന്ന് ഇ.ഡിക്ക് വിശ്വാസമുണ്ടാകാം.
കോടതി മാറ്റമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും കേരളത്തിലെ നീതിന്യായ വ്യവസ്ഥയെ രാജ്യത്തിന് മുന്നിൽ സംശയ ദൃഷ്ടിയോടെ നിർത്താൻ കഴിഞ്ഞുവെന്നതാണ് ഇ.ഡി ഈ ഹരജിയിലൂടെ നേടിയ വിജയം. ഇതിന് പിന്നിൽ ഒരുപാട് രാഷ്ട്രീയ മാനങ്ങൾ ഉണ്ടായിരിക്കാം. 
കോടതി മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ കേരളം സുപ്രീം കോടതിയിൽ എങ്ങനെയാണ് ചെറുക്കുകയെന്നതാണ് ആകാംക്ഷയുയർത്തുന്നത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് പോയാൽ അത് രാഷ്ട്രീയമായ വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക. 
സ്വർണ കള്ളക്കടത്ത് കേസിലെ അന്വേഷണം തടസ്സമില്ലാതെ വലിയ രീതിയിൽ മുന്നോട്ട് പോയ സാഹചര്യത്തിൽ തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി കോടതി മാറ്റം ആവശ്യപ്പെടുന്നതെന്നായിരിക്കും കേരള സർക്കാരിന്റെ വാദം. അതിനെ സുപ്രീം കോടതി എങ്ങനെ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ മുന്നോട്ടുള്ള പോക്ക്.

Latest News