പത്തനംതിട്ട- കുമ്പനാട് നാഷണൽ ക്ലബിൽ പണംവെച്ച് ചീട്ടുകളിച്ച കേസിൽ അറസ്റ്റിലായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എസ്.ഐ. എസ്.കെ. അനിൽ, പാലക്കാട് എ.ആർ. ക്യാമ്പിലെ സി.പി.ഒ. അനൂപ് കൃഷ്ണൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കേസിൽ അനൂപ് കൃഷ്ണൻ അടക്കം പന്ത്രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. പത്തുലക്ഷത്തോളം രൂപയും ക്ലബിൽനിന്ന് പിടിച്ചെടുത്തു. പോലീസ് സംഘം റെയ്ഡിന് വരുന്നത് കണ്ട് എസ്.ഐ.യായ അനിൽ മതിൽചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇയാളെ പിടികൂടിയത്.
ചൂതാട്ടത്തിൽ പോലീസുകാർ അടക്കം പങ്കെടുത്തതിനാൽ സംഭവത്തിൽ പ്രത്യേക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്.പി. കോയിപ്രം ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.






