അമ്മയുടെ കാറിൽനിന്നിറങ്ങി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ- അമ്മയുടെ കാറിൽനിന്നിറങ്ങി സ്‌കൂൾ ബസിൽ കയറാൻ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനി തീവണ്ടി തട്ടി മരിച്ചു. കിഷോർ - ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്. കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45-നാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസ് തട്ടിയാണ് കുട്ടി മരിച്ചത്. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് നന്ദിത. സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. നന്ദിത പാളം മുറിച്ചുകടന്നെങ്കിലും തോളിലുണ്ടായിരുന്ന ബാഗ് തീവണ്ടിയിൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാർ ഉടൻ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.

Latest News