ജയ്പൂര്‍- പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗോഹര്‍ ചിഷ്തിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അജന്ത അഗര്‍വാളിന്റെ വസതിയിലാണ് ഇയാളെ ഹാജരാക്കിയതെന്ന് ദര്‍ഗ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ അറിയിച്ചു. പിന്നീട് ചിഷ്തിയെ അജ്മീരിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റി.
അതേസമയം, രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയതുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ഇതുവരെ നടത്തിയ അന്വേഷണത്തിലും ഗോഹര്‍ ചിഷ്തിയെ ചോദ്യം ചെയ്തതിലും പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധം കണ്ടെത്താനായിട്ടില്ല. സംശയാസ്പദ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എ.എസ്.പി വികാസ് സന്‍ക്വാന്‍ പറഞ്ഞു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചുവെന്നാരോപിച്ചാണ് രണ്ടു പേര്‍ ചേര്‍ന്ന് ഉദയ്പൂരില്‍ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് പിന്നീട് ആരോപണം ഉയര്‍ന്നു.
രാജ്യത്തെ ഞെട്ടിക്കുകയും രാജസ്ഥാനില്‍ സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്ത സംഭവത്തിനു മുമ്പ് ഗോഹര്‍ ചിഷ്തിയും മറ്റും പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഇവര്‍ മുഴക്കിയ മുദ്രാവാക്യമാണ് കനയ്യലാല്‍ ഘാതകരും വീഡിയോയില്‍ ഉയര്‍ത്തിയിരുന്നത്. അജ്മീര്‍ ദര്‍ഗയുടെ പ്രധാന കവാടത്തിലാണ് ചിഷ്തിയും കൂട്ടരും പ്രവാചക നിന്ദക്കെതിരെ പ്രസംഗിച്ചിരുന്നത്. ജൂലൈ 17 ന് പ്രവാചക നിന്ദയുടെ പേരില്‍ നൂപര്‍ ശര്‍മയെ ബി.ജെ.പി പുറത്താക്കുന്നതിനു മുമ്പ് മുസ്ലിംകള്‍ നടത്തിയ റാലിയിലായിരുന്നു ഇവരുടെ പ്രസംഗം.
ഹൈദരാബാദില്‍ വെച്ചാണ് ചിഷ്തി പോലീസ് പിടിയിലായത്. ജൂലൈ 15 മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.
ഗോഹര്‍ ചിഷ്തിയുടെ വീക്ഷണങ്ങളോട് യോജിക്കുന്നില്ലെന്ന് അജ്മീര്‍ ദര്‍ഗ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.