Sorry, you need to enable JavaScript to visit this website.

ഫോട്ടോ ചോര്‍ത്തി വിദ്വേഷ പ്രചാരണം, ദുരനുഭവത്തിനുശേഷം മുസ്ലിം കൗമാരക്കാരന് മോചനം

ബെംഗളൂരു- മുസ്ലിം വിദ്വേഷം വളര്‍ത്താന്‍ സമൂഹ മാധ്യമങ്ങളില്‍ മുസ്ലിം പേരുകളില്‍ ഹിന്ദു വിദ്വേഷ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. സമൂഹമാധ്യമങ്ങളില്‍നിന്ന് മുസ്ലിം യുവാക്കളുടെ ഫോട്ടോകള്‍ ശേഖരിച്ചാണ് അവരുടെ പേരില്‍ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്ന കമന്റുകളും മറ്റും പോസ്റ്റ് ചെയ്യുന്നത്.
17 കാരനായ മുഹമ്മദ് അഷ്ഫാഖിന്റെ പേരിലാണ് ഏറ്റവും ഒടുവില്‍ വിദ്വേഷ പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചത്. അജ്ഞാത അക്കൗണ്ടില്‍നിന്ന് അഷ്ഫാഖിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലേക്ക് വോയിസ് മസേജ് വന്നതോടെയാണ് തുടക്കം. കൊഡവ സമുദായത്തിനെതിരേയും കാവേരി ദേവിക്കെതിരേയും കമന്റുകളിട്ടുവെന്നായിരുന്നു വോയിസ് മെസേജില്‍ ആരോപിച്ചിരുന്നത്. താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അജ്ഞതന്‍ വീണ്ടും വോയിസ് മെസേജ് അയച്ചു. എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റക്കാനാണ് ഇതില്‍ ആവശ്യപ്പെട്ടത്. ഭീതിയിലായ അഷ്ഫാഖ് ഉടന്‍തന്നെ അത് അനുസരിച്ചു.
അഷ്ഫാഖിന് വോയിസ് മെസേജ് അയച്ച അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 39 ഫോളോവേഴ്‌സുള്ള അതില്‍ പോസ്റ്റുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് സിയാസത്  റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേദിവസം തന്നെ മറ്റൊരു ഇന്‍്സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കുടക് ജില്ലയിലെ മഡിക്കേരി പോലീസ് സ്‌റ്റേഷനില്‍ പരാതി ഫയല്‍ ചെയ്തു. ഈ അക്കൗണ്ടില്‍നിന്ന് കാവേരി ദേവിക്കെതിരേയും കൊഡവ വനിതകള്‍ക്കെതിരെയും അസഭ്യങ്ങളും പരിഹാസങ്ങളും പോസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു കൊഡവ സമുദായക്കാര്‍ നല്‍കിയ പരാതി.
ടിപ്പുസുല്‍ത്താന്റെ പേരു പറയുന്ന ഒരാളെ കൊഡവ സമുദായത്തിലെ പെണ്‍കുട്ടി വെടിവെക്കുന്ന ഒരു പോസ്റ്റ് കൊഡവഹോളിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജൂണ്‍ 30 മുതല്‍ സംഭവങ്ങള്‍ ആരംഭിച്ചതെന്ന് കുടക് ജില്ലയിലെ സമൂഹിക പ്രവര്‍ത്തകനായ മുസ്തഫ സിദ്ദാപൂര്‍ പറയുന്നു. തുടര്‍ന്നാണ് ഒരു പോസറ്റില്‍നിന്ന് കാവേരി ദേവിക്കെതിരേയും കുടക് ജില്ലയിലെ പ്രാദേശിക ദേവതകള്‍ക്കെതിരേയും പരിഹാസ കമന്റുകള്‍ വര്‍ധിച്ചത്.
സമുദായക്കാര്‍ രോഷാകുലരായതോടെ വിരാജ്‌പേട്ടിലെ കുടക് സമാജം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ഇതൊന്നും അഷ്ഫാഖും കുടുംബവും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇതിനുപിന്നാലെ അഷ്ഫാഖിനും കുടുംബത്തിനും മൊബൈലിലേക്ക് നിരവധി ഭീഷണി കോളുകള്‍ ലഭിച്ചു. ഭീകരരെന്ന് വിളിച്ചവര്‍ അഷ്ഫാഖിനെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്.  പിതാവ് സൈനുദ്ദീനും (47) മാതാവും ഭീതയിലായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്വേഷ  കമന്റുകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടില്‍ അഷ്ഫാഖിന്റെ ഫോട്ടോ ചേര്‍ത്തതായി കണ്ടെത്തി. ഇതിനു പിന്നാലെ സമൂഹിക പ്രവര്‍ത്തകന്‍ മുസ്തഫയുടെ സഹായത്തോടെ അഷ്ഫാഖും പിതാവും കര്‍ണാടകയിലെ മടിക്കേരി ടൗണിലുള്ള സൈബര്‍ പോലീസില്‍ പരാതി നല്‍കി. ഫോണ്‍ പിടിച്ചുവെച്ച് പോകാന്‍ അനുവദിച്ചെങ്കിലും അഷ്ഫാഖിനേയു കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നവരുടെ എണ്ണം കൂടി വന്നു. അഷ്ഫാഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചു. അടുത്ത ദിവസം പോലീസ് സ്‌റ്റേഷനിലെത്തിയ അഷ്ഫാഖിനെ ചോദ്യം ചെയ്തു. 24 മണിക്കൂറിനകം അഷ്ഫാഖിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലാ ബന്ദ്പ്രഖ്യാപിക്കുമെന്ന് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരണ്‍ വേദികെയും മുന്നറിയിപ്പ് നല്‍കി.
തെളിവില്ലാത്തതിനാല്‍ അഷ്ഫാഖിനെ പോലീസ് വിട്ടയച്ചുവെങ്കിലും ജൂലൈ 17ന് മടിക്കേരി സൈബര്‍ പോലീസ് ഡിവിന്‍ ദേവയ്യ എന്നയാളെ അറസ്റ്റ് ചെയ്യുന്നതുവരെ കുടുംബത്തിനെതിരെ ഭീഷണി തുടര്‍ന്നു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇയാളെ അറസ്റ്റ് ചെയ്തതോടെ ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങളും അവസാനിച്ചുവെന്ന് മുസ്തഫ പറഞ്ഞു. പോലീസും കേസ് അവസാനിപ്പിച്ചു. ബി.ജെ.പി നേതാവും അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റി മുന്‍ അംഗവുമായ കെ. രമേഷ് പൊനണ്ണയുടെ മകനായ ഡിവിനാണ് മുസ്ലിം പേരില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റുകള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ പോലീസിനു സാധിച്ചു. എന്നാല്‍ അഷ്ഫാഖിന്റെ ഫോട്ടോകള്‍ എങ്ങനെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുവെന്നോ ഡിവിന്റെ അറസ്റ്റിനുശേഷം പോലീസ് എന്തുകൊണ്ട് കേസ് പെട്ടെന്ന് അവസാനിപ്പിച്ചുവെന്നോ വ്യക്തമല്ല. ഡിവിനും അഷ്ഫാഖും തമ്മില്‍ പരിചയമുണ്ടോ അവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു കണ്ടെത്താനും പോലീസിനു കഴിഞ്ഞിട്ടില്ല. ഡിവിനെ അറിയില്ലെന്നും ഒരു വിധത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നും അഷ്ഫാഖും പിതാവ് സൈനുദ്ദീനും പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ മുസ്ലിം പേരില്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന 31 കാരനായ ഹിന്ദു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഷ്താഖ് അലി എന്ന പേരിലാണ് ബി.ജെ.പി എം.എല്‍.സി ഡി.എസ് അരുണിനെ ഭീഷണിപ്പെടുത്തിയിരുന്നത്.
കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍വന്ന ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിരിക്കയാണ്. ദക്ഷിണ കന്നഡ ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വേദിയാകുകയാണ്.

 

Latest News