Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലയന ചർച്ചകൾ തുടരുന്നു,  സി.എം.പി ഉടനെ ചരിത്രത്തിൽ മറയും 

തിരുവനന്തപുരം- എം.വി. രാഘവൻ പടുത്തുയർത്തിയ സി.എം.പിയുടെ പ്രവർത്തനം ഏതാണ്ട് അവസാനത്തിലേക്ക്. സി.എം.പിയുടെ ഇരു വിഭാഗങ്ങളും നിലനിൽപ് പ്രതിസന്ധിയിലായതോടെ സി.പി.എമ്മിലും സി.പി.ഐയിലുമായി ലയിക്കുന്നതിനുള്ള ചർച്ചകളിലാണ്. അരവിന്ദാക്ഷൻ വിഭാഗം ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. 
ഇവർ സി.പി.എമ്മിൽ ലയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ എല്ലാവരും അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പമാണ്. യു.ഡി.എഫിനൊപ്പമുള്ള സി.പി ജോൺ വിഭാഗം സി.പി.ഐയുമായി ചർച്ചയിലാണ്. ഇതും ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നാണ് സൂചന. സി.പി. ജോൺ ഇതിനകം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിക്കഴിഞ്ഞു. യു.ഡി.എഫിൽ ഏതാണ്ട് ഒറ്റപ്പെട്ട സ്ഥിതിയിലായതിനാലും ഒറ്റക്ക് നിന്ന് കരുത്ത് കാട്ടാൻ ശേഷിയില്ലാത്തതിനാലും സി.പി.എമ്മുമായി സഹകരിക്കാൻ താൽപര്യമില്ലാത്തതിനാലുമാണ്  സി.പി. ജോൺ സി.പി.ഐയിൽ ലയിക്കാനൊരുങ്ങുന്നത്.
പാർട്ടിയിലെ സ്ഥാനം സംബന്ധിച്ച് ധാരണയാകുകയോ സി.പി. ജോണിന് പാർലമെന്ററി മേഖലയിൽ വാഗ്ദാനമോ ഉണ്ടായാൽ ഈ വിഭാഗം സി.പി.ഐയിൽ ലയിക്കും. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ വേണ്ടിയുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്ന സന്ദേശം നൽകാനും ഒപ്പം യു.ഡി.എഫ് പാളയം വിടാനുമുള്ള ഒറ്റമൂലിയായാണ് സി.പി.ഐ പ്രവേശത്തെ സി.പി. ജോൺ കാണുന്നത്. സി.പി.എമ്മുമായുള്ള സഹകരണം എം.വി. രാഘവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും സി.പി.എമ്മിൽ ചേരാൻ തീരുമാനിക്കുന്നതിലൂടെ സി.എം.പിയിലെ മറ്റു മുതിർന്ന നേതാക്കൾ രാഘവനെ വഞ്ചിക്കുകയുമായിരുന്നുവെന്നുമാണ് സി.പി. ജോണും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്. എന്നാൽ രാഘവൻ അവസാന കാലത്ത് സി.പി.എമ്മിനോട് സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യം കാണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മകൻ എം.വി. നികേഷ് കുമാർ സി.പി.എം സ്ഥാനാർഥിയായി അഴീക്കോട്ട് മൽസരിച്ചതുമാണ് അരവിന്ദാക്ഷൻ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. 
ഇരു വിഭാഗങ്ങളും നിലനിൽപിനായി ലയനമെന്ന എളുപ്പ മാർഗം തേടിയിറങ്ങിയതോടെ സി.എം.പി ഇല്ലാതാകുകയാണ്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രപരമായ ഒരു ഭാഗം കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത്. ബദൽ രേഖാ വിവാദത്തിന്റെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്തായ എം.വി. രാഘവൻ പിന്നീട് സി.എം.പി രൂപീകരിച്ച് സി.പി.എമ്മിനെ വെല്ലുവിളിച്ചപ്പോൾ കെ. കരുണാകരൻ അദ്ദേഹത്തിന് പരമാവധി പിന്തുണ നൽകുകയായിരുന്നു. ഇതോടെ സി.പി.എമ്മിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്താനും സി.പി.എമ്മിന് വലിയ തിരിച്ചടി കൊടുക്കാനും കോൺഗ്രസിന് സാധിച്ചിരുന്നു. രാഘവനെ തകർക്കാൻ സി.പി.എം നടത്തിയ നീക്കങ്ങളെയെല്ലാം അതിജീവിച്ചാണ് സി.എം.പിയെ അദ്ദേഹം വളർത്തിയെടുത്തത്.

 

Latest News