Sorry, you need to enable JavaScript to visit this website.

ഒരു ട്വീറ്റിന് രണ്ടു കോടി, ആരും തന്നോട് ചോദിച്ചിട്ടില്ലെന്ന് ആൾട്ട് ന്യൂസ് സുബൈർ

ന്യൂദൽഹി- ഇക്കാലം വരെ താൻ ചെയ്തിരുന്ന ജോലി തുടർന്നും ചെയ്യുമെന്നും അതിന് സുപ്രീംകോടതി ഒരു തരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. സുബൈറിനെ വിവിധ കേസുകളിൽ അറസ്റ്റ് ചെയ്ത സുബൈറിനെ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരു ട്വീറ്റിന് രണ്ട് കോടി പ്രതിഫലം എന്ന ആരോപണത്തെ കുറിച്ച് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മോചിതനായ ശേഷം മാത്രമാണ് ഇത്തരമൊരു ആരോപണത്തെ കുറിച്ച് താൻ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കോടി രൂപ പ്രതിഫലം പറ്റിയാണ് ട്വീറ്റുകൾ എന്ന ആരോപണം ഉത്തർപ്രദേശ് സർക്കാരാണ് കോടതിയിൽ ഉന്നയിച്ചത്. 
വിവാദ ട്വീറ്റുകളുടെ പേരിൽ വിവിധ കേസുകളിൽ അകപ്പെട്ട ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. യു.പി പോലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
മുഹമ്മദ് സുബൈർ വീണ്ടും ട്വീറ്റ് ചെയ്യരുതെന്ന് ജാമ്യ വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന യു.പി പോലീസിന്റെ ആവശ്യം കോടതി നിരാകരിച്ചു. വീണ്ടും ട്വീറ്റ് ചെയ്യരുതെന്ന് പറയാനാകില്ല. അതൊരു അഭിഭാഷകനോട് നിങ്ങളിനി വാദിക്കരുത് എന്ന് ആവശ്യപ്പെടുന്നത് പോലെയാണ്. എങ്ങനെയാണ് ഒരു മാധ്യമ പ്രവർത്തകനോട് അയാൾ ഇനി എഴുതരുത് എന്ന് പറയാൻ കഴിയുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ, നിയമിരുദ്ധമായി എന്തെങ്കിലും ട്വിറ്ററിൽ കുറിച്ചാൽ മുഹമ്മദ് സുബൈർ ഉത്തരം പറയേണ്ടി വരും. ഓരാളോട് ഇനി മിണ്ടിപ്പോകരുത് എന്ന മട്ടിലുള്ള വ്യവസ്ഥയൊന്നും ഉത്തരവിൽ ഉൾപ്പെടുത്താൻ പറ്റില്ലെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. 
മുഹമ്മദ് സുബൈറിനെതിരായ കേസുകൾ എല്ലാം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം സുബൈറിനെതിരായി യു.പിയിൽ ഉള്ള കേസുകളെല്ലാം ഒരുമിച്ചാക്കി ദൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. ഇതനുസരിച്ച് സുബൈറിനെതിരേ യു.പി പോലീസ് വിവിധ കേസുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഏഴ് എഫ്.ഐ.ആറുകളും ദൽഹിയിലേക്ക് മാറ്റും. വിവാദ ട്വീറ്റുകളുടെ പേരിൽ ഭാവിയിൽ യു.പിയിൽ ഉണ്ടായേക്കാനിടയുള്ള കേസുകളും ദൽഹി സ്‌പെഷ്യൽ സെല്ലിന് കൈമാറണം. അങ്ങനെ ഭാവിയിൽ ഉണ്ടായേക്കാനിടയുള്ള കേസുകളിലും സുബൈറിന് ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കി. തന്റെ പേരിലുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുബൈറിന് ദൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 
    ട്വീറ്റുകളുടെ പേരിൽ സുബൈറിനെതിരേ ഒന്നിനു പുറകേ ഒന്നായി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസെടുക്കാൻ മാത്രമുള്ള തരത്തിലുള്ള ഭാഷയൊന്നും ഈ പറഞ്ഞ ട്വീറ്റുകളിൽ ഉപയോഗിച്ചിട്ടേയില്ല. പലപല കേസുകൾ ചുമത്തി ഒരു വസ്തുത പരിശോധകനെ (ഫാക്ട് ഫൈൻഡർ) നിരവധി കേസുകൾ കൊണ്ട് നിശബ്ദനാക്കാനുള്ള ശ്രമം ആണ് നടക്കുന്നത്. മാത്രമല്ല, മുഹമ്മദ് സുബൈറിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ വ്യാജ വിവരങ്ങൾ പരിശോധിച്ചു വസ്തുതകൾ കണ്ടെത്തുന്ന ആൾക്കെതിരെ ശത്രുത ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷെ വസ്തുകൾ കണ്ടെത്തുന്നവരെ നിയമം ആയുധമാക്കി നേരിടുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി. 
    എന്നാൽ, മുഹമ്മദ് സുബൈർ ഒരു മാധ്യമ പ്രവർത്തകൻ അല്ലെന്നാണ് യു.പി സർക്കാരിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദ് വാദിച്ചത്. അയാൾ ഒരു വസ്തുത പരിശോധകൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത് തന്നെ. എന്നാൽ, ആ പേരിൽ തെറ്റായതും പ്രകോപനപരവുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. മുഹമ്മദ് സുബൈർ പണം വാങ്ങിയാണ് ട്വീറ്റ് ചെയ്യുന്നത്. കൂടുതൽ വിദ്വേഷമുള്ള ട്വീറ്റുകൾക്ക് കൂടുതൽ പണം വാങ്ങിയിരുന്നു. ഇക്കാര്യം അയാൾ സമ്മതിച്ചിട്ടുണ്ട്. രണ്ടു കോടി രൂപയോളം ഇത്തരത്തിൽ നേടിയിട്ടുണ്ട് എന്നുമാണ് യു.പി സർക്കാരിന്റെ അഡിഷീണൽ അഡ്വക്കേറ്റ് ജനറലിന്റെ വാദം. തെളിവുകൾ നശിപ്പിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന് ഗരിമ പ്രസാദ് ആവശ്യപ്പെട്ടപ്പോൾ തെളിവുകളെല്ലാം തന്നെ പരസ്യമാണല്ലോ എന്നായിരുന്ന ജസ്റ്റീസ് ചന്ദ്രചൂഡിന്റെ മറുപടി. തുടർന്നാണ് വീണ്ടും ട്വീറ്റ് ചെയ്യുന്നതിൽ നിന്നു വിലക്കണം എന്നാവശ്യപ്പെട്ടപ്പോൾ ഒരു മാധ്യമ പ്രവർത്തകനോട് എഴുതരത് എന്ന് നിർദേശിക്കാനാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയത്. 
    
    
    

Latest News