Sorry, you need to enable JavaScript to visit this website.

അമുസ്‌ലിം മാധ്യമപ്രവർത്തകനെ മക്കയിലേക്ക്  കടത്തിയ സ്വദേശി അറസ്റ്റിൽ

മക്ക - അമേരിക്കൻ പൗരനായ അമുസ്‌ലിം മാധ്യമപ്രവർത്തകനെ മക്കയിൽ പ്രവേശിക്കാൻ സഹായിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. മുസ്‌ലിംകൾക്കുള്ള ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമപ്രവർത്തകനെ സൗദി പൗരൻ മക്കയിലേക്ക് കടത്തുകയായിരുന്നു. മക്കയിൽ അമുസ്‌ലിംകൾക്കുള്ള പ്രവേശന വിലക്ക് നഗ്നമായി ലംഘിച്ചാണ് അമുസ്‌ലിം മാധ്യമപ്രവർത്തകനെ സൗദി പൗരൻ മക്കയിലേക്ക് കടത്തിയത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് സൗദി പൗരനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു. 
സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങൾ, വിശിഷ്യാ ഇരു ഹറമുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങൾ മാനിക്കുകയും പാലിക്കുകയും വേണം. ഇക്കാര്യത്തിലുള്ള ഏതു നിയമ ലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ബന്ധപ്പെട്ട നിയമങ്ങൾക്കനുസൃതമായി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് മക്കയിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കൻ മാധ്യമപ്രവർത്തകനെതിരായ കേസ് നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു. സൗദി പൗരന്റെ സഹായത്തോടെ ഹജിനിടെ അമേരിക്കൻ മാധ്യമപ്രവർത്തകൻ മക്കയിലും അറഫയിലും നുഴഞ്ഞുകയറുകയായിരുന്നു. 
മക്കയിൽ പ്രവേശിക്കാൻ അമുസ്‌ലിംകളെ അനുവദിക്കില്ലെന്നും മുസ്‌ലിംകൾക്കു മാത്രമാണ് മക്കയിൽ പ്രവേശനാനുമതി നൽകുന്നതെന്നും അറിയുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പെർമിറ്റ് നേടാതെ കരുതിക്കൂട്ടി അധികൃതരുടെ കണ്ണുവെട്ടിച്ച് മക്കയിൽ പ്രവേശിക്കുകയായിരുന്നു. അമുസ്‌ലിം മാധ്യമപ്രവർത്തകൻ രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് മുസ്‌ലിംകൾക്കുള്ള ട്രാക്കിലൂടെ മക്കയിൽ പ്രവേശിച്ച സംഭവം സൗദി അറേബ്യക്കെതിരെ ആക്രമണം നടത്താനും രാജ്യത്തെ അപകീർത്തിപ്പെടുത്താനും മുതലെടുക്കാൻ ചില കുഴലൂത്തുകാർ ശ്രമിച്ചെങ്കിലും സംഭവം ശ്രദ്ധയിൽ പെട്ടയുടൻ ശക്തമായ നടപടികൾ സ്വീകരിച്ച് ഇത്തരക്കാർക്കു മുന്നിൽ അധികൃതർ വഴി കൊട്ടിയടക്കുകയായിരുന്നു. 
ഇരു ഹറമുകളുടെയും പവിത്രത കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും മുസ്‌ലിംകൾക്കു മാത്രം ഇവിടങ്ങളിലേക്ക് പ്രവേശനം നൽകുന്ന കാര്യത്തിലും സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികളിൽ തൽപര കക്ഷികളായ കുഴലൂത്തുകാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു. നിയമങ്ങൾ ലംഘിക്കുന്നവർക്കും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കുമെതിരെ കർക്കശ നടപടികൾ സ്വീകരിക്കുമെന്ന മറുപടിയാണ് ഇത്തരക്കാർക്ക് സൗദി അധികൃതർ നൽകിയത്.
 

Latest News