പ്രവാചകനിന്ദാ വിവാദം ഗള്‍ഫ് ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് കേ്ന്ദ്ര സര്‍ക്കാര്‍

ന്യദല്‍ഹി-  ബി.ജെ.പി ദേശീയ വക്താവായിരുന്ന  നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലെന്റില്‍ നിഷേധിച്ചു.  അറബ് സര്‍ക്കാരുകളോട് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വിശദീകരിച്ചതായും അവര്‍ക്ക് ബോധ്യപ്പെട്ടതായും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
പരാമര്‍ശങ്ങള്‍ നടത്തിയത് വ്യക്തികളാണെന്നും ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നുമാണ് അംബാസഡര്‍മാര്‍ വിശദീകരിച്ചത്. എല്ലാ മതങ്ങളോടും ഉയര്‍ന്ന ബഹുമാനം പുലര്‍ത്തുകയാണ് ഇന്ത്യയുടെ നാഗരികവും സാംസ്‌കാരികവുമായ പാരമ്പര്യമെന്നും ഗള്‍ഫ്, അറബ് രാഷ്ട്രങ്ങളെ അറിയിച്ചതായും അത് അവര്‍ അംഗീകരിച്ചുവെന്നും ആഭ്യന്തര സഹ മന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍  അറബ് രാജ്യങ്ങളുമായി ചരിത്രപരവും സൗഹൃദപരവുമായ ബന്ധമാണ് ഇന്ത്യ പങ്കിടുന്നതെന്ന് രാജ്യസഭയില്‍ ഒരു രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ബന്ധം കൂടുതല്‍ ദൃഢമായിട്ടുമുണ്ട്. ഗവണ്‍മെന്റിന്റെ വീക്ഷണവും കാഴ്ചപ്പാടുകളും മനസ്സിലാക്കുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഉണ്ടായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അതിലുള്‍പ്പെട്ട രാഷ്ട്രീയ സംഘടന അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചക നിന്ദയെ തുടര്‍ന്ന് ദേശീയ വക്താവ് നൂപുര്‍ ശര്‍മായെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

Latest News