ഉക്രൈന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നിരാഹാരം തുടങ്ങുന്നു, നാളെ മുതല്‍ അഞ്ച് ദിവസം സമരം

ന്യൂദല്‍ഹി- യുദ്ധം തുടരുന്ന ഉക്രൈനില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അഞ്ച് ദിവസത്തെ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍  പ്രവേശനം ആവശ്യപ്പെട്ട് ശനിയാഴ്ച മുതല്‍ അഞ്ച് ദിവസത്തെ നിരാഹാര സമരം നടത്തുമെന്ന് ഉക്രൈന്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പേരന്റ്‌സ് അസോസിയേഷന്‍ (പിഎയുഎംഎസ്) അറിയിച്ചു.
23 മുതല്‍ 27 വരെ നടക്കുന്ന സമരത്തില്‍ 26 സംസ്ഥാനങ്ങളില്‍ നിന്നായി 5000 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുമെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു.
ഉക്രൈനിലെ യുദ്ധം കാരണം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എംബിബിഎസ് വിദ്യാഭ്യാസം  നാലു മാസമായി തടസ്സപ്പെട്ടിരിക്കയാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിഷാദത്തിലൂടെയും ഉത്കണ്ഠയിലൂടെയും നിരവധി മാനസിക പ്രശ്‌നങ്ങളിലൂടെയുമാണ്  കടന്നുപോകുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുക  എന്നതാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള ആവശ്യമെന്ന്  പിഎയുഎംഎസ ്പ്രസ്താവനയില്‍ പറഞ്ഞു. ഇതിനകം നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്  ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ പറഞ്ഞു.
രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ജന്തര്‍ മന്തറില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നു.
ജന്തര്‍ മന്തറില്‍ മൂന്ന് തവണയും ദ്വാരകയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ഓഫീസില്‍ രണ്ടുതവണയും പ്രതിഷേധിച്ചു. പിഎംഒ, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, എന്‍എംസി, ഇന്ത്യന്‍ രാഷ്ട്രപതി എന്നിവര്‍ക്കും നിവേദനം നല്‍കി. എന്നാല്‍ നാളിതുവരെ ഉറപ്പ് ലഭിച്ചിക്കാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.  
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒഴികെ ഏകദേശം 12,000 വിദ്യാര്‍ത്ഥികളുണ്ടെന്നും രാജ്യത്ത് കുറഞ്ഞത് 600 മെഡിക്കല്‍ കോളേജുകളെങ്കിലും ഉള്ളതിനാല്‍ ഓരോ സ്ഥാപനത്തിനും 20 ഓളം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകുമെന്നും അവര്‍ പറഞ്ഞു.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രൈനെതിരെ റഷ്യന്‍ സൈന്യം ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്നാണ് വിവിധ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുകയായിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അവരുടെ കോഴ്‌സുകള്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത്. തങ്ങളുടെ കുട്ടികളെ മെഡിക്കല്‍ കോളേജില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രിലിലും എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ജന്തര്‍ മന്ദറില്‍ സമരം നടത്തിയിരുന്നു.
ഇന്ത്യയില്‍ പ്രവേശനവും പഠനം തുടരുന്നതും സംബന്ധിച്ച വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച്ചില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.
ഇത്തരം വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

 

Latest News