Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവില്ലാതെ സ്വയം വിവാഹം; ബിന്ദു ഇപ്പോള്‍ എല്ലാവര്‍ക്കും വിചിത്ര ജീവി

ഗാന്ധിനഗര്‍- ആളുകള്‍ തന്നെ  വിചിത്ര ജീവിയെ പോലെയാണ് നോക്കുന്നതെന്നും എന്തോ കുറ്റം ചെയ്തതുപോലെയാണ് അവരുടെ മനോഭാവമെന്നും സ്വയം വിവാഹിതയായി ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ ക്ഷമാ ബിന്ദു. നവവധുവിനെ പോലെ വസ്ത്രം ധരിച്ചെങ്കിലും ക്ഷമ സാധാരണ വധുമാരില്‍ നിന്ന് വ്യത്യസ്തയായിരുന്നു. കാരണം ക്ഷമാ ബിന്ദു ഒരു പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിച്ചിട്ടില്ല. യുവതി സ്വയം തന്നെയാണ് വിവാഹം കഴിച്ചത്.
ബിന്ദുവിന്റെ  സ്വയം വിവാഹം (സോളോഗമി) കഴിഞ്ഞ മാസം വിപുലമായ  സജ്ജീകരണത്തോടെ തന്നെയാണ്  നടത്തപ്പെട്ടത്. സ്വയം വിവാഹം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരിയായതിനാല്‍ ഒറ്റരാത്രികൊണ്ട് തന്നെ ഇന്റര്‍നെറ്റ് സെന്‍സേഷനാക്കി മാറ്റിയിരുന്നു.  കുട്ടിക്കാലത്ത് പീഡനം സഹിച്ച ഒരു അനാഥ പെണ്‍കുട്ടിയുടെ കഥയായ ആനി വിത്ത് ആന്‍ ഇ എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോ കണ്ടതിന് ശേഷമാണ് സോളോഗമിയെന്ന ആശയം തനിക്ക് തോന്നിയതെന്ന് ക്ഷമ പറയുന്നു. വധുവാകണം, പക്ഷേ ഒരു ഭാര്യയല്ല എന്ന ആശയമാണ് സ്വാധീനിച്ചതെന്നും ഒടുവില്‍ ജൂണ്‍ എട്ടിന് സ്വയം വിവാഹിതയായ അവര്‍ അല്‍ ജസീറയോട് പറഞ്ഞു.
അതിനുശേഷം, ഗുജറാത്തില്‍ ജോലിക്കായുള്ള യാത്രയിലും  ഷോപ്പിംഗിനായി ഇങ്ങുമ്പോഴും 24 കാരിയെ ആളുകള്‍ തുറിച്ചുനോക്കുന്നു.  
സ്വയം വിവാഹദിനം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു, കണ്ണാടിയില്‍ നോക്കുമ്പോള്‍ തനിക്ക് സാധാരണ വധുവിനുണ്ടാകാറുള്ളതുപോലെ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഞാന്‍ മതിയെന്ന തോന്നലായിരുന്നു കാരണം.
വിവാഹത്തിന് ശേഷം വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് തന്റെ വിവാഹത്തിന്റെ ഏറ്റവും നല്ല ഭാഗം. മറ്റാരുടെയും സാധൂകരണമോ അംഗീകാരമോആവശ്യമില്ല. പങ്കാളി ജോലി കാരണം മറ്റൊരു നഗരത്തിലേക്ക് മാറുകയാണല്ലോ, തനിക്കും മാറണമല്ലോ എന്ന കാര്യം ചിന്തിക്കേണ്ടതില്ല. എനിക്ക് എന്നെക്കുറിച്ച് മാത്രമേ ചിന്തിക്കേണ്ടതുള്ള- ക്ഷമാ ബിന്ദു പറഞ്ഞു. എന്നെ സന്തോഷിപ്പിക്കാനോ സ്‌നേഹിക്കാനോ  എനിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അസാധാരണ സ്ത്രീയാണിപ്പോള്‍ ക്ഷമാ ബിന്ദു. സ്വയം സ്‌നേഹമാണോ, പ്രശസ്തിക്കു വേണ്ടിയാണോ  ഏകാന്തതക്കെതിരായ പ്രതിഷേധമെന്ന നിലയിലാണോ  ഏകാന്തതയെ ബോധപൂര്‍വം മഹത്വവല്‍ക്കരിക്കുന്നതാണോ, പുരുഷാധിപത്യത്തെ നിരാകരിക്കുന്നതാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ക്ഷമാ ബിന്ദുവിന്റെ സ്വയം വിവാഹത്തിനുശേഷം ഉയര്‍ന്നത്.
മുന്‍കാല ആഘാതത്തിന്റെയും പരാജയപ്പെട്ട ബന്ധങ്ങളുടെയും ഫലമായിരിക്കാം സ്വയം വിവാഹമെന്ന്് വിദഗധര്‍ പറയുന്നു. മാത്രമല്ല, ഇത് നാര്‍സിസിസ്റ്റിക് പ്രവണതകളിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. ചെറുപ്പത്തിലുണ്ടായ തീവ്രമായ ആഘാതമാണ് സ്വയം പ്രണയത്തിലേക്ക് നയിക്കുന്നതെന്ന് ബ്രിട്ടനിലെ  ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ  ഗവേഷക അനുസ്നിഗ്ധ കരുതുന്നു.
ആഘാതത്തിലൂടെ കടന്നുപോയ ഒരാളുടെ മുറിവുണക്കാന്‍ ഇത്തരം രീതി വളരെയധികം സഹായിക്കുമെന്നും അവര്‍ പറയുന്നു.
എല്ലാം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്ന സമൂഹത്തില്‍, മുറിവുണക്കാനുള്ള യാത്രയ്ക്ക് ശേഷം ക്ഷമാ ബിന്ദു സ്വയം സ്വീകരിച്ചതായി പരസ്യമായി പ്രഖ്യാപിച്ചുവെന്നുവേണം  അനുമാനിക്കാനെന്ന് അനുസ്‌നിഗ്ദ  പറഞ്ഞു.
തന്റെ കുട്ടിക്കാലം കഠിനമായിരുന്നുവെന്നും എട്ട് വയസ്സുള്ളപ്പോള്‍ ആവര്‍ത്തിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ക്ഷമാ ബിന്ദു പറയുന്നു. അത് സംഭവിക്കുമ്പോഴെല്ലാം, കണ്ണാടിയില്‍ നോക്കി കരയുമായിരുന്നുവെന്നും അപ്പോഴും താന്‍ കരുത്തള്ളവളാണെന്ന്  സ്വയം ഓര്‍മിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇക്കാരണത്താല്‍  താന്‍ നേരത്തെ തന്നെ വളര്‍ച്ച നേടിയെന്നും ക്ഷമാ ബിന്ദു പറഞ്ഞു.
അനീതിക്കെതിരെ എപ്പോഴും ശബ്ദമുയര്‍ത്തുന്ന വ്യക്തിയെന്നാണ് ബിന്ദു സ്വയം വിശേഷിപ്പിക്കുന്നത്. 2020-ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ  ഡാറ്റ അനുസരിച്ച്, ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കയാണ്, കുട്ടികള്‍ക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളില്‍ 40 ശതമാനമെങ്കിലും ലൈംഗിക കുറ്റകൃത്യങ്ങളാണെന്നും കണക്കുകള്‍ പറയുന്നു.

 

 

Latest News