ജ്ഞാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം പൂജിക്കാനുള്ള ഹരജി തള്ളി

ന്യൂദല്‍ഹി- ജ്ഞാന്‍വാപി കേസില്‍ വാരാണാസി ജില്ലാ കോടതിയുടെ വിധി വന്നതിന് ശേഷം വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. മസ്ജിദുമായ ബന്ധപ്പെട്ട പരാതികള്‍ തള്ളണമെന്ന പള്ളി കമ്മിറ്റിയുടെ ഹരജിയില്‍ തീരുമാനമെടുക്കുന്നത് ഒക്ടോറബറിലേക്ക് നീട്ടി. വാരണാസി ജില്ലാ കോടതിയിലുള്ള കേസിന്റെ വിധി വന്നതിന് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കി.
ജ്ഞാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിഗും ജിപിആര്‍ സര്‍വേയും നടത്തണമെന്നുള്ള ഹരജിയും തള്ളി. ജ്ഞാന്‍വാപിയില്‍ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി കോടതിയെ സമീപിച്ച ഏഴ്  സ്ത്രീകളാണ് പുതിയ ഹരജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഭിഭാഷക കമ്മീഷന്‍ സര്‍വെയില്‍ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് സംരക്ഷണം ഒരുക്കണം എന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. പള്ളിയില്‍ ശിവലിഗം കണ്ടെത്തിയെന്ന് സുപ്രീംകോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരാധന നടത്താന്‍ ഭരണഘടന സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Latest News