ന്യൂദല്‍ഹി- രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാകിസ്ഥാന് ആസ്ഥാനമായുള്ള സംഘടനയായ ദഅ്വത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും ലോക്സഭയില്‍ ആവശ്യം ഉയര്‍ന്നു. .
തയ്യല്‍ക്കാരനായ കനയ്യ ലാലിനെ തലയറുത്ത് കൊലപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിച്ച് കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്ന് ഉദയ്പൂരില്‍ നിന്നുള്ള ലോക്സഭാംഗം അര്‍ജുന്‍ലാല്‍ മീണ സീറോ അവറില്‍ വിഷയം ഉന്നയിച്ചുകൊണ്ട് ആവശ്യപ്പെട്ടു.
ഉദയ്പൂരിന്റെ സമാധാനപരവും സുരക്ഷിതവുമായ ചുറ്റുപാടുകളെ അസ്ഥിരപ്പെടുത്താന്‍ പദ്ധതിയിടുന്ന ക്രൂരന്മാരെ തടയുന്നതിന് ഈ വിഷയത്തില്‍ വധശിക്ഷ നല്‍കുന്നതിലൂടെ സാധിക്കുമെന്ന് മീണ പറഞ്ഞു.
തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയതും ഉദയ്പൂരില്‍ വര്‍ഗീയ കലാപം വളര്‍ത്താനുള്ള ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഭീകരതയും വര്‍ഗീയ സംഘര്‍ഷങ്ങളും പ്രചരിപ്പിക്കുകയാണ് പാകിസ്ഥാന് ആസ്ഥാനമായ സംഘടനയുടെ യഥാര്‍ത്ഥ ഉദ്ദേശം. ഈ സംഘടന രാജസ്ഥാനില്‍ സജീവമാണെന്നും സംസ്ഥാനത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണെന്നും മീണ പറഞ്ഞു.






