പ്രതിപക്ഷമുക്തം: അസംബന്ധം നിറഞ്ഞ ആശയം

ജനാധിപത്യസംവിധാനത്തിന്റെ ജീവവായു പ്രതിപക്ഷമാണ്. ശക്തമായ പ്രതിപക്ഷമില്ലെങ്കിൽ ജനാധിപത്യം അധികകാലം നിലനിൽക്കില്ല. പെട്ടെന്നു തന്നെ അത് സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ വഴിമാറുമെന്നുറപ്പ്. ഇന്ത്യൻ ജനാധിപത്യ സംവിധാനം ഒരു പരിധിവരെയെങ്കിലും വിജയകരമാണെന്ന് പറയുമ്പോൾ അതിനുള്ള പ്രധാന കാരണം എക്കാലത്തും സാമാന്യം ശക്തമായ പ്രതിപക്ഷ പ്രസ്ഥാനങ്ങൾ നിലനിന്നിരുന്നു എന്നതാണ്. എന്നാൽ അതില്ലാതാക്കാനാണ് സമീപകാലത്ത് കേന്ദ്രസർക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും ശ്രമിക്കുന്നത്. നിർഭാഗ്യവശാൽ അതിന്റെ ചെറിയ രൂപമാണ് കേരളത്തിലും അരങ്ങേറുന്നത്. ഇവിടെയതിനു നേതൃത്വം നൽകുന്നത് സിപിഎം ആണെന്ന വ്യത്യാസം മാത്രം. 
കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമായിരുന്നു സംഘപരിവാർ അടുത്തകാലം വരെ ഉയർത്തിയിരുന്നതെങ്കിൽ ഇപ്പോഴത് പ്രതിപക്ഷമുക്ത ഭാരതം എന്നായിരിക്കുന്നു. അതിന്റെ ഭാഗമായി സംസ്ഥാന മന്ത്രിസഭകൾ തകർക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. അവസാനമത് വിജയിച്ചത് മഹാരാഷ്ട്രയിലാണ്. വരും ദിനങ്ങളിൽ ബാക്കിയുള്ള സംസ്ഥാനങ്ങളിലേക്കും ഈ ജനാധിപത്യ വിരുദ്ധമായ അട്ടിമറി നീളുമെന്നുറപ്പ്. തെലങ്കാനയാണ് അടുത്ത ലക്ഷ്യമെന്നു കരുതാം. ഇ ഡിയെ പോലുള്ള തങ്ങളുടെ കൈയിലെ ചട്ടുകങ്ങളായ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ തകർക്കാനുള്ള നീക്കങ്ങളും തുടരുന്നു. രാഹുൽ ഗാന്ധിയേയും സോണിയയേയും വരെ കുടുക്കാനുള്ള നീക്കമാണല്ലോ നടന്നു കൊണ്ടിരിക്കുന്നത്. 
ഏറ്റവും ശ്രദ്ധേയമായ സംഗതി മറ്റൊന്നാണ്. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രമല്ല, സർക്കാർ നയങ്ങൾക്കും സംഘപരിവാർ രാഷ്ട്രീയത്തിനുമെതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികൾക്കും സാമൂഹ്യ പ്രവർത്തകർക്കും എഴുത്തുകാർക്കുമെതിരെ ഗൂഢാലോചന നടത്തുകയും കഴിയുന്നത്രപേരെ തുറുങ്കിലടക്കുകയുമാണ് ചെയ്യുന്നത്. അവസാനമവർ ലക്ഷ്യമിട്ടിരിക്കുന്നത് മേധാപട്കറെയാണെന്നാണ് വാർത്ത.  അടിയന്തരാവസ്ഥയുടെ വാർഷികത്തിന്റെയന്നാണ് ടീസ്ത സെതൽവാദും ആർ.ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടത്. അതിനു പുറകെ ആൾട്ട് ന്യൂസിന്റെ സ്ഥാപകരിൽ ഒരാളായ മുഹമ്മദ് സുബൈറും അറസ്റ്റ് ചെയ്യപ്പെട്ടു. ടീസ്ത-ജാവേദ് ആനന്ദിന്റെ കമ്മ്യൂണലിസം കോമ്പാറ്റും സുബൈർ - പ്രതീക് സിഹ്നയുടെ ആൾട്ട് ന്യൂസും സംഘപരിവാറിനു താൽപ്പര്യമുള്ള കാര്യങ്ങളല്ല പുറത്തുകൊണ്ടുവരുന്നത്. അതിശക്തമായ പ്രതിപക്ഷത്തിന്റെ റോളാണ് അവ നിർവ്വഹിക്കുന്നത് എന്നതുതന്നെയാണ് ഈ നടപടികൾക്കു കാരണം. ഭീമാ കോറഗോവ് സംഭവവുമായി ബന്ധപ്പെട്ട് കള്ളകേസിൽ കുടുക്കിയ നിരവധിപേർ യുഎപിഎ പോലുള്ള ഭീകരനിയമങ്ങൾ ചുമത്തി ഇപ്പോഴും ജയിലറകളിലാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമങ്ങളേയും കുപ്രചാരണങ്ങളേയും അതിന്റെ ലക്ഷ്യങ്ങളേയും കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടുന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. ചുരുക്കത്തിൽ പ്രതിപക്ഷമെന്ന 'അസൗകര്യ'ത്തെ ഇല്ലാതാക്കി, തങ്ങളുടെ സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള പദ്ധതികളാണ് സംഘപരിവാർ ആസൂത്രണം ചെയ്യുന്നതെന്ന് വ്യക്തം.
ആരംഭത്തിൽ പറഞ്ഞപോലെ ഇതിന്റെ ചെറിയ രൂപങ്ങളാണ് കേരളത്തിലും അരങ്ങേറുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഏറെക്കുറെ ഉറക്കത്തിലായിരുന്നു. പ്രളയവും കോവിഡുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികളുടെ കാലത്തവർ തികച്ചും നിർജ്ജീവമായിരുന്നു. എന്തായാലും പതിവുപോലെ അഞ്ചുവർഷം കഴിഞ്ഞാൽ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. അവസാന ഒരുവർഷകാലം അൽപ്പം സജീവമായി എന്നിരിക്കിലും തുടർഭരണത്തെ തടയാൻ അതു മതിയാകുമായിരുന്നില്ല. ഇനിയും നിർജ്ജീവാവസ്ഥ തുടർന്നാൽ തുടർ ഭരണം ആവർത്തിക്കുമെന്നും തങ്ങൾ തുടച്ചുമാറ്റപ്പെടുമെന്നും തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സംഘടനാതലത്തിൽ വലിയ മാറ്റങ്ങൾക്ക് കോൺഗ്രസ് തയ്യാറായത്. 
സുധാകരനും സതീശനും നേതൃത്വത്തിൽ വന്നതോടെ രാഷ്ട്രീയമായി സജീവമാകാനും അണികളെ ഉഷാറാക്കാനും കഴിഞ്ഞിരിക്കുന്നു എന്നത് വാസ്തവമാണ്. കേരളത്തിന്റെ തെരുവുകൾ പ്രതിപക്ഷ സാന്നിധ്യത്താൽ മുഖരിതമാകാൻ തുടങ്ങി. ആറുവർഷമായി സമരങ്ങളൊന്നും ചെയ്യാത്ത ഡിവൈഎഫ്‌ഐയെ കടത്തിവെട്ടുന്ന രീതിയിലുള്ള സമരങ്ങളുമായി യൂത്ത് കോൺഗ്രസ്സും സജീവമായി. സുധാകരനുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉന്നയിക്കേണ്ടതുണ്ടെങ്കിലും ഈ മാറ്റത്തെ പോസിറ്റീവ് ആയിതന്നെ കാണണം. അതു കോൺഗ്രസിനോടുള്ള മമതകൊണ്ടല്ല, തുടക്കത്തിൽ പറഞ്ഞപോലെ ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ജീവൻ എന്നതിനാലാണ്.
നിർഭാഗ്യകരമായ ഒരു വിഷയം മറ്റൊന്നാണ്. പ്രതിപക്ഷം രാഷ്ട്രീയമായും സംഘടനാപരമായും സജീവമാകുമ്പോൾ അതിനോട് അതേരീതിയിൽ പ്രതികരിക്കാനാണ് ഭരണപക്ഷം തയ്യാറാകേണ്ടത്. എന്നാൽ ഇവിടെ നടക്കുന്നത് മറ്റൊന്നാണ്. പല കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും സർക്കാറും സിപിഎമ്മും മാതൃകയാക്കുന്നത് കേന്ദ്രത്തേയും സംഘപരിവാറിനേയുമാണ്. പ്രതിപക്ഷത്തെ ശാരീരികമായി ആക്രമിക്കുക, അധിക്ഷേപിക്കുക, കള്ളക്കേസുകളിൽ കുടുക്കുക തുടങ്ങിയ നയങ്ങൾ തന്നെയാണ് ഇവിടെയും തുടരുന്നത്. രാഹുൽ ഗാന്ധിയുടെയും കെപിസിസിയുടേയും ഓഫീസുകളിലേക്കും  പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കും നടന്ന അക്രമങ്ങളും കെ.കെ രമയടക്കമുള്ളവരുടെ നേർക്കു നടത്തിയ അധിക്ഷേപങ്ങളുമെല്ലാം ഉദാഹരണങ്ങൾ. അതിനെ വിമർശിച്ച സിപിഐ നേതാവ് ആനിരാജയെപോലും വെറുതെ വിട്ടില്ല. സ്പീക്കർ ആവശ്യപ്പെട്ടപ്പോഴാണ് മണി തന്റെ പരാമർശം പിൻവലിച്ചത്. ഇതിനോടുള്ള പ്രതിപക്ഷത്തിന്റെ പല പ്രതികരണങ്ങളും മോശപ്പെട്ടവ തന്നെയായിരുന്നു എന്നും പറയാതിരിക്കാനാവില്ല. സ്വപ്‌നയുടെ വക്കീലിനും ജോലി കൊടുത്ത സ്ഥാപനത്തിന്റെ തലവനും എതിരെ എടുത്ത കേസും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ കുഞ്ഞിലക്കെതിരെ എടുത്ത കേസും ഇൻഡിഗോ ബസ് സർവ്വീസിനെതിരെ എടുത്ത നടപടികളുമൊക്കെ ബാലിശമാണെന്നും പറയാതിരിക്കാനാവില്ല. എ കെ ജി സെന്ററിനെതിരായ പടക്കമേറാകട്ടെ ഇപ്പോഴും ദുരൂഹമായി തുടരുന്നു. 
വിമർശനങ്ങളേയും പ്രതിഷേധങ്ങളേയും ഒരു തരത്തിലും തങ്ങൾ അംഗീകരിച്ചുതരില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ശബരീനാഥിനെതിരായ നീക്കങ്ങൾ. സമരങ്ങൾ നടത്താൻ പാടില്ല എന്ന കീഴ്‌വഴക്കം നിലനിൽക്കുന്ന മേഖലകളിൽ തന്നെയാണ് പല സമരങ്ങളും നടക്കുന്നത്. വിമാനത്തിലെ സമരത്തേയും അങ്ങനെതന്നെയേ കാണേണ്ടതുള്ളു. മുൻകൂട്ടി പ്രഖ്യാപിക്കാതെ നടത്തുന്ന സമരങ്ങൾ ജനാധിപത്യപരമാണോ എന്ന ചോദ്യം പ്രസക്തം തന്നെ. എന്നാൽ അത് എല്ലാവരും ചെയ്യുന്നതു തന്നെ. ഇവിടെ നടന്നതാകട്ടെ, ഒരു സമരം പോലുമായിരുന്നില്ല. കേവലം പ്രതിഷേധം എന്നു രണ്ടോ മൂന്നോ തവണ പറയുക മാത്രമാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്തത്. അതിനെയാണ് ഭീകരവാദവും വധശ്രമവുമെന്നെല്ലാം വ്യാഖ്യാനിച്ച്, ഗൂഢാലോചന നടത്തി എന്നപേരിൽ ശബരിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്രം ചെയ്യുന്ന പോലെതന്നെ പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടുക എന്നതാണ്  ഈ നടപടിയുടേയും ലക്ഷ്യം എന്നതിൽ സംശയമില്ല. വധശ്രമമെന്നത്അവിശ്വസനീയം എന്നു നിരീക്ഷിച്ചാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.  പ്രതിപക്ഷം സജീവമാകുന്നതിലുള്ള രാഷ്ട്രീയ അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല ഇതിലൂടെ തെളിയുന്നത്.  ഇനിയുമൊരു തുടർഭരണം എന്ന തങ്ങളുടെ സ്വപ്‌നം തകരുമോ എന്നവർ ആശങ്കപ്പെടുന്നു. 
ഈ പംക്തിയിൽ പലപ്പോഴും ചൂണ്ടിക്കാട്ടിയപോലെ സംഘപരിവാറിന്റേയും സിപിഎമ്മിന്റേയും പ്രതിപക്ഷത്തോടുള്ള നിഷേധാത്മക സമീപനം യാദൃഛികമല്ല, അതിനു പുറകിൽ ഒരു രാഷ്ട്രീയമുണ്ട്. ഇരു കൂട്ടരും ജനാധിപത്യസംവിധാനത്തിൽ വിശ്വസിക്കുന്നില്ല എന്നതാണത്. സംഘപരിവാർ ഹിന്ദുത്വരാഷ്ട്രവും സിപിഎം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്റെ പേരിൽ ഏകപാർട്ടി ഭരണവും ലക്ഷ്യം വെക്കുന്നവരാണ്. അവിടെ പ്രതിപക്ഷത്തിനു സ്ഥാനമില്ലല്ലോ. ആ ലക്ഷ്യത്തിനുള്ള സാധ്യത തെളിയുന്നതുവരെ ജനാധിപത്യ സംവിധാനത്തിൽ ഇരുകൂട്ടരും പങ്കെടുക്കുന്നു എന്നു മാത്രം. അതുകൊണ്ടാണ് ഇരുകൂട്ടരും ഇടക്കിടെ ഭരണഘടനക്കെതിരെ സംസാരിക്കുന്നത്, പ്രത്യേകിച്ച് അവരുടെ സംഘടനാ പരിപാടികളിൽ. വാസ്തവത്തിൽ സംഘടനക്കകത്താണ് പറഞ്ഞത്, പുറത്തല്ല എന്ന ന്യായീകരണങ്ങൾ പോലും ശരിയല്ല. ജനാധിപത്യത്തിൽ ഏതൊരു പാർട്ടിയേയും ഓഡിറ്റ് ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവെക്കാനുള്ള അവകാശം ഒരു പാർട്ടിക്കുമില്ല. അകത്തെ ചർച്ചകളുടെ കാലം കഴിഞ്ഞു, ഇനിയെല്ലാം ചർച്ച ചെയ്യേണ്ടത് പുറത്താണ് എന്ന് കമ്യൂണിസ്റ്റ് നേതാവായ ആനിരാജ പോലും പറഞ്ഞത് ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടാകും. യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ വാട്‌സ് ആപ് ഗ്രൂപ്പിലെ ചർച്ചകൾ ചോർന്നതിൽ നടപടിയെടുക്കാനുള്ള നീക്കവും ജനാധിപത്യവിരുദ്ധമാണെന്നാണ് തിരിച്ചറിയേണ്ടത്. 

Latest News