Sorry, you need to enable JavaScript to visit this website.

4500 ജീവനക്കാര്‍ എയര്‍ഇന്ത്യ വിടുന്നു, നവീന പദ്ധതികളുമായി പുതിയ മാനേജ്‌മെന്റ്

മുംബൈ-എയര്‍ ഇന്ത്യയുടെ തലപ്പത്ത് ടാറ്റ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ പുതിയ മാനേജ്മെന്റ് ആവിഷ്‌കരിച്ച സ്വയം വിരമിക്കല്‍ പദ്ധതി (വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം -വിആര്‍എസ്) പ്രകാരം 4,500 പേര്‍ കമ്പനി വിടുന്നു.
ക്രൂ ഉള്‍പ്പെടെയുള്ള സ്ഥിരം ജീവനക്കാര്‍ക്കായി ജൂണിലാണ് എയര്‍ ഇന്ത്യ  വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം  അവതരിപ്പിച്ചത്. വിആര്‍എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവനക്കാര്‍ 55 വയസ്സിന് മുകളിലുള്ളവരോ രണ്ട് പതിറ്റാണ്ട് സേവനം പൂര്‍ത്തിയാക്കിയവരോ ആയിരിക്കണം.
എയര്‍ലൈനിലെ പ്രവര്‍ത്തനങ്ങളിലുടനീളം പുതിയ പ്രതിഭകളെ നിയമിച്ചുകൊണ്ട് പുത്തന്‍ ഊര്‍ജം പകരുക എന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ പദ്ധതി. ചെലവ് ലാഭിക്കല്‍ നടപടികളുടെ ഭാഗമായി എയര്‍ലൈന്‍ നവീകരിക്കുന്നതിനും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പഴയ സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് മുന്‍തൂക്കം.
എയര്‍ ഇന്ത്യയില്‍ ഏകദേശം 13,000 ജീവനക്കാരാണുള്ളത്. ഇതില്‍ 8,000 പേര്‍ സ്ഥിരം ജീവനക്കാരും ബാക്കിയുള്ളവര്‍ കരാറുകാരുമാണ്.
അന്താരാഷ്ട്ര എതിരാളികളോട് മത്സരിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ശരിയായ മനോഭാവവും അഭിരുചിയും ഉള്ള പ്രതിഭകള്‍ ആവശ്യമാണെന്ന് ടാറ്റ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു. സ്ഥാപനത്തിന്റെ ഘടന തന്നെ മാറ്റുകയാണെന്നും പുതിയ പ്രതിഭകളെ അണിനിരത്തുകയാണെന്നും അധികൃതര്‍ വശദീകരിക്കുന്നു.  വിമാനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പുറമെ  മികച്ച എയര്‍ലൈന്‍ കെട്ടിപ്പടുക്കുന്നതിന്  ശരിയായ ശേഷിയും കഴിവുകളുമുള്ള പ്രതിഭകള്‍ ആവശ്യമാണ്- ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞു. ഈ നീക്കങ്ങള്‍ പുരോഗതിയിലാണെന്നും പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും ക്ഷമ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വി.ആര്‍.എസിനു പുറമെ, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,000 ജീവനക്കാര്‍ വിരമിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ടാറ്റ് ഗ്രൂപ്പിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി മെട്രോകളില്‍ വലിയ റിക്രൂട്ട്മെന്റ് യജ്ഞം ആരംഭിച്ചിട്ടുമുണ്ട്.

 

Latest News