ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ജ്ഞാന്‍വാപി മസ്ജിദില്‍ നടത്തിയ വീഡിയോസര്‍വേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ജ്ഞാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്നും ആരാധിക്കാന്‍ അവകാശമുണ്ടെന്നും കാണിച്ചാണ് ഹിന്ദു ഭക്തര്‍ ഹരജി സമര്‍പ്പിച്ചത്.
ഹിന്ദു ഭക്തര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ സമര്‍പ്പിച്ച ഹരജി
ചീഫ് ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുന്നത്.
പൊതുതാല്‍പര്യ ഹരജി അടിയന്തര വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിഷയം ജൂലൈ 21 ലേക്ക് മാറ്റിവെച്ചതായിരുന്നു. സമുച്ചയത്തില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗത്തിന്റെ ദര്‍ശനവും പൂജയും അനുവദിക്കുന്നതിനുള്ള ഹരജിയാണിത്.
ജ്ഞാന്‍വാപി പള്ളിയുടെ സര്‍വേ നടത്താന്‍ കോടതി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിക്കൊപ്പമാണ് പുതിയ ഹരജിയും സുപ്രീം കോടതി പരിഗണിക്കുന്നത്.
അഞ്ജുമാന്‍ മസ്ജിദ് കമ്മിറ്റിക്കാണ് ജ്ഞാന്‍വാപി മസ്ജിദിന്റെ ചുമതല.
ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്നും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിനെ ഇത് കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്നും ഹിന്ദു പക്ഷത്തിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.






