Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്നറിയാം 

ന്യൂദല്‍ഹി- ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഇന്നുണ്ടാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോഡി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റു പെട്ടികള്‍ ദല്‍ഹിയില്‍  എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎല്‍എമാര്‍ക്കും 771 എം പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എല്‍ എമാരും വോട്ടു രേഖപ്പെടുത്തി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയായിരുന്നു എന്‍ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തല്‍. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് നാല്‍പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ കക്ഷികള്‍ മുര്‍മുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എന്‍ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകള്‍ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.
അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പോരാട്ടത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ഓഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുക.
 

Latest News