പഞ്ചാബി ഗായകന് വെടിയേറ്റു; ഗുണ്ടാത്തലവന്‍ ഫേസ്ബുക്കിലൂടെ ഉത്തരവാദിത്തമേറ്റു 

മൊഹാലി- പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയെ വെടിവെച്ചതിന്റെ ഉത്തരവാദിത്തം അധോലോക കുറ്റവാളി ദില്‍പ്രീത് സംഗ് ധഹാന്‍ ഏറ്റെടുത്തു. ഗാലി നി കധാനി എന്ന ഗാനത്തിലൂടെ പ്രശസ്തനായ പര്‍മിഷ് വര്‍മ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. താനാണ് ഗായകനുനേരെ നിറയൊഴിച്ചതെന്ന് ദില്‍പ്രീത് സിംഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.  താനാണെന്ന് എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. 
മൊഹാലിയിലെ സെക്ടര്‍ 91 ല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതര്‍ ഗായകനെ വെടിവെച്ചതെന്ന് മൊഹാലി സീനിയര്‍ സൂപ്രണ്ട് കുല്‍ദീപ് ചഹാല്‍ പറഞ്ഞു. ഗായകന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 
പഞ്ചാബ് പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ധഹാന്‍ കുപ്രസിദ്ധ പഞ്ചാബി ഗുണ്ടാത്തലവനാണ്. ഇയാളുമായുള്ള ഗായകന്റെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.  
 

Latest News