കണ്ണൂര്‍- ചെമ്പേരി ചന്ദനക്കാംപാറയില്‍ ആറു മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. ചന്ദനക്കാംപാറ പുഴയുടെ തീരത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ പുഴയോരത്ത് പുല്ലരിയാനെത്തിയ സമീപവാസികളായ സ്ത്രീകളാണ് ജഡം കണ്ടത്.
ചരിഞ്ഞ ആനയുടെ സമീപത്തായി വട്ടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ആനക്കൂട്ടം. പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ തുരത്തിയതിന് ശേഷമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ആനയുടെ സമീപത്തെത്തിയത്.
മഹസര്‍ തയാറാക്കുന്നതിനിടയില്‍ കാട്ടിലൊളിച്ച ആനക്കൂട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേര്‍ക്ക് പാഞ്ഞടുത്തു. സമീപത്ത് നിന്ന സ്ത്രീകള്‍ നിലവിളിച്ചപ്പോഴാണ് ആന വളയുന്ന കാര്യം മഹസര്‍ തയാറാക്കിയിരുന്ന ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഇവരുടെ ജീവന്‍ രക്ഷപെട്ടത്. വീണ്ടും പടക്കമെറിഞ്ഞ് ആനയെ തുരത്തിയാണ് മഹസര്‍ നടപടി പൂര്‍ത്തിയാക്കിയത്. ഇതിന് സമീപത്ത് തന്നെ ആനക്കൂട്ടം നിലയുറപിച്ചിട്ടുണ്ട്. ചരിഞ്ഞ സ്ഥലത്തു തന്നെ ആനയെ ദഹിപ്പിച്ചു.
പുഴ കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കല്ലില്‍ നെഞ്ചടിച്ച് വീണതാണ് അപകട കാരണം. നെഞ്ചിന് മാരകമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഒരു വര്‍ഷം മുമ്പാണ് ഇതിനടുത്ത് തന്നെ കാട്ടാന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ചരിഞ്ഞത്. പട്ടാപകല്‍പോലും കാട്ടാന ഭീഷണിയാല്‍ പുറത്തിറങ്ങാനോ കൃഷി ചെയ്യാനോ സാധിക്കാതെ ഭീതിയില്‍ ജീവിക്കുകയാണ് ഈ പ്രദേശത്തെ മനുഷ്യര്‍.






