മധ്യപ്രദേശില്‍ ഉജ്വല നേട്ടം കരസ്ഥമാക്കി കോണ്‍ഗ്രസ്; ആത്മവിശ്വാസം ഇരട്ടിയാകും

ഭോപ്പാല്‍- മധ്യപ്രദേശിലെ മേയര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണലില്‍ ഗ്വാളിയോര്‍ മുനിസിപ്പല്‍ മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനിലും സംസ്ഥാന ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ നരേന്ദ്ര സിംഗ് തോമറിന്റെ തട്ടകമായ മൊറേന മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് മേയര്‍ സ്ഥാനം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം  ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.


25 വര്‍ഷത്തിന് ശേഷം മുഖ്യ രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസിനെതിരെ രേവ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനവും ബിജെപിക്ക് നഷ്ടമായി. രേവയുടെ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മിശ്ര (ബാബ) ബിജെപിയുടെ പ്രബോധ് വ്യാസിനെ പരാജയപ്പെടുത്തി. മൊറേനയില്‍ മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാരദ സോളകി ബിജെപിയുടെ മീന ജാതവിനെ പരാജയപ്പെടുത്തി.


ബുധനാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെണ്ണലില്‍ പ്രഖ്യാപിച്ച അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫലങ്ങളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും രണ്ടു വീതം മേയര്‍ സ്ഥാനങ്ങള്‍ ലഭിച്ചു. രത്ലം, ദേവാസ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനം ബിജെപി നിലനിര്‍ത്തിയപ്പോള്‍ കതീനിയ മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.
ഇതോടെ, മധ്യപ്രദേശിലുടനീളമുള്ള 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍, ബിജെപി ഒമ്പത് (ഒന്നാം ഘട്ടത്തില്‍ 7, രണ്ടാം ഘട്ടത്തില്‍ 2) മേയര്‍ സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ മേയര്‍ സ്ഥാനങ്ങളും നഷ്ടപ്പെട്ട പ്രതിപക്ഷ കോണ്‍ഗ്രസ് അഞ്ച് (ഒന്നാം ഘട്ടത്തില്‍ 3 ഉം രണ്ടാം ഘട്ടത്തില്‍ 2 ഉം) മേയര്‍ സ്ഥാനങ്ങളില്‍ വിജയിച്ചപ്പോള്‍, അരങ്ങേറ്റം നടത്തിയ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ഒരു മേയര്‍ സ്ഥാനം (സിംഗ്രൗലി) ലഭിച്ചു, ഒന്ന് (കതിനിയ) സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേടി.
മധ്യപ്രദേശില്‍ നേരിട്ട് മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ആരംഭിച്ച 1999നു ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസിന് അഞ്ച് മേയര്‍മാര്‍.
ഗ്വാളിയോറിലെ മേയര്‍ സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസിന്റെ വിജയവും ഇപ്പോള്‍ രേവയും മൊറേനയും നേടിയതും പാര്‍ട്ടി ്പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കും. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയുടെയും നരേന്ദ്ര സിംഗ് തോമറിന്റെയും രണ്ട് ബി.ജെ.പി നേതാക്കളുടെ തട്ടകമായാണ് ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷന്‍ കണക്കാക്കപ്പെടുന്നത്. രേവയ്ക്ക് ആകെ എട്ട് അസംബ്ലി സീറ്റുകളുണ്ട്, 2018ല്‍ 8 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. രേവയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ബി.ജെ.പിയില്‍ നിന്നുള്ളയാളാണ്.

കോണ്‍ഗ്രസ് ആദ്യമായി മൊറേനയില്‍ വന്‍ വിജയം രേഖപ്പെടുത്തി യെന്നും മൊറേനയ്ക്കൊപ്പം, ഗ്വാളിയോര്‍-ചമ്പല്‍ ബെല്‍റ്റിലെ മുഴുവന്‍ ജനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കയാണെന്നും മുന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തലവനുമായ കമല്‍നാഥ് പ്രതികരിച്ചു.  ഈ വിജയം ജനങ്ങളുടെ വിജയമാണ്, 15 മാസത്തിന് ശേഷം മധ്യപ്രദേശില്‍ വലിയ മാറ്റത്തിനുള്ള ആഹ്വാനമാണ് ഉയര്‍ന്നിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

 

Latest News