Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്   ഏജന്‍സി പറഞ്ഞിട്ടെന്ന് അറസ്റ്റിലായവര്‍

കൊല്ലം- കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികള്‍ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികള്‍ ആരോപണം ഉന്നയിക്കുന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാന്‍ഡില്‍ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം.
കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാരാണ് നിര്‍ദേശിച്ചത്. ഏജന്‍സി ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് റിമാന്‍ഡില്‍ ആയ പ്രതികള്‍ പറയുന്നു. നീറ്റ് പരീക്ഷാവിവാദത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് വിവരം. തുടരന്വേഷണത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പോലീസ് നിയമപദേശം തേടും. അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പും പോലീസ് നിയമോപദേശം തേടിയിരുന്നു.
നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് കോളജ് ജീവനക്കാരും മൂന്ന് സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവര്‍ മാര്‍ത്തോമ കോളജിലെ ശുചീകരണ ജീവനക്കാരും ഗീതു, ജോത്സന, ബീന എന്നിവര്‍ സ്റ്റാര്‍ സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ്.
 

Latest News