അവര്‍ക്ക് ഒരിക്കലും ദേശീയ പതാകയെ ആദരിക്കാനാവില്ല; ബി.ജെ.പിയെ ആക്രമിച്ച് അഖിലേഷ് യാദവ്

ലഖ്നൗ- ദേശീയ പതാകയോട് ബിജെപിക്ക് ഒരിക്കലും ആദരവില്ലെന്നും അവര്‍ കാണിക്കുന്നത്  കാപട്യമാണെന്നും സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ആഗസ്റ്റ് 9 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
ഹര്‍ ഘര്‍ തിരംഗ എന്ന മുദ്രാവാക്യത്തോടെ ആഗസ്റ്റ് 11 മുതല്‍ 17 വരെ സ്വാതന്ത്ര്യ വാരം ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുമ്പ് ദേശീയ പതാക ഉയര്‍ത്തണമെന്ന് അഖിലേഷ് യാദവ് പ്രസ്താവനയില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും ഇല്ലാത്തവരാണ് ഇപ്പോള്‍ ദേശസ്‌നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നത്.  സ്വാതന്ത്ര്യ സമരവുമായി വിദൂരബന്ധം പോലും പുലര്‍ത്താത്തവര്‍ക്ക് എങ്ങനെ രക്തസാക്ഷികളെ ബഹുമാനിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിക്കും അതിന്റെ മാതൃസംഘടനയായ ആര്‍എസ്എസിനും ദേശീയ പതാകയോട് ഒരു ബഹുമാനവും ഉണ്ടായിരുന്നില്ലെന്നതാണ് സത്യമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
എന്തുകൊണ്ടാണ് സംഘത്തിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് നിന്ന് ദേശീയ പതാക ഉയര്‍ത്താത്തത്? ബിജെപിയും ആര്‍എസ്എസും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം പടര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓഗസ്റ്റ് ഒമ്പത് ഒരു ചരിത്ര തീയതിയാണെന്നും
1942-ല്‍ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ സമരത്തിന് തുടക്കമിട്ട ദിവസമാണിതെന്നും യാദവ് പറഞ്ഞു,
എല്ലാവര്‍ക്കും അവകാശങ്ങളും അന്തസ്സുമുള്ള ജീവിതം ഉറപ്പാക്കാന്‍ രാജ്യത്ത് കര്‍ഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും ഭരണം സ്ഥാപിക്കുക എന്നതാണ് ഓഗസ്റ്റ് ക്രാന്തിയുടെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സ്വപ്നം സാക്ഷാത്കരിക്കാനും ദേശീയ പ്രസ്ഥാനത്തിന്റെ ഭരണഘടനാ മൂല്യങ്ങളും ആദര്‍ശങ്ങളും സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം വീണ്ടും സാധാരണ പൗരന്മാരുടെയും സോഷ്യലിസ്റ്റുകളുടെയും മേല്‍ വന്നിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള തന്റെ പാര്‍ട്ടിയുടെ പ്രതിബദ്ധത എല്ലാവര്‍ക്കും അറിയാമെന്നും അധികാരമോഹികള്‍ ദേശീയ പതാകയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എസ.്പി നേതാവ് പറഞ്ഞു.

അതേസമയം, ബിജെപിയുടെ 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരികയാണ്.

 

Latest News