വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് അറസ്റ്റിലായ    അഞ്ചുപേര്‍ക്കും ജാമ്യമില്ല

കൊല്ലം- നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികളെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മൂന്ന് ഏജന്‍സി ജീവനക്കാരും കോളേജിലെ രണ്ട് ശുചീകരണ ജീവനക്കാരുമാണ് അറസ്റ്റിലായത്. സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ ഗീതു, ജോത്സന ജോബി, ബീന, കോളേജ് ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കം ജാമ്യമില്ലാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കടയ്ക്കല്‍ മജിസ്‌ട്രേറ്റ് ഇത് തള്ളി.
കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനിയാണ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. പരീക്ഷയ്‌ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചിരുന്നു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.
18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുത് എന്നായിരുന്നു വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറിനിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുട അമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റില്‍ എത്താന്‍ പറയുകയും ഷോള്‍ വേണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് അമ്മയുടെ ഷാള്‍ നല്‍കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വസ്തുതാന്വേഷണ സമിതിക്ക് രൂപംനല്‍കി.
 

Latest News