Sorry, you need to enable JavaScript to visit this website.

വികസനത്തിന് മെട്രോ സ്റ്റേഷനുകളുടെ 800 മീറ്റർ ചുറ്റളവ് ഏറ്റെടുക്കുന്നു

ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ റിയാദ് വികസന സമിതി ഓഫീസിൽ നടന്ന ഉന്നതതല യോഗത്തിൽനിന്ന്.

റിയാദ്- മെട്രോ സ്റ്റേഷനുകളുടെ പരിധിയിൽ നിന്ന് 800 മീറ്റർ ചുറ്റളവ് സ്ഥലം വികസനത്തിനായി നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുക്കാൻ റിയാദ് വികസന ഉന്നത സമിതി തീരുമാനിച്ചു. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ റിയാദ് വികസന സമിതി ഓഫീസിൽ നടന്ന യോഗത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ അധ്യക്ഷത വഹിച്ചു. ഓരോ ബസ്, മെട്രോ സ്‌റ്റേഷനുകൾക്ക് സമീപവും താമസം, ഓഫീസ്, വാണിജ്യം, സേവനം, വിനോദം എന്നിവക്കായി പ്രത്യേക ഏരിയകൾ സ്ഥാപിക്കും. കാൽനട യാത്രക്കാർക്ക് മാത്രമുള്ള നടപ്പാതകളും ഇതോടനുബന്ധിച്ച് ഒരുക്കും. 
വികസന സമിതിയുടെ കീഴിൽ റിയാദ് മുനിസിപ്പാലിറ്റിയിൽ ആരംഭിക്കുന്ന നിക്ഷേപം, വികസനം എന്നിവ ക്രമീകരിക്കാനുള്ള ചുമതലയിലുളള ഓഫീസാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകുക. മെട്രോ സ്റ്റേഷനുകളോട് ചേർന്ന പ്രദേശങ്ങൾക്കനുസരിച്ചുള്ള വികസന ആവശ്യത്തിന് അനുസരിച്ച് ഈ ഓഫീസ് പദ്ധതി തയാറാക്കുകയും പ്ലാൻ തയാറാക്കി ബന്ധപ്പെട്ടവരുടെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്യും. പൊതുഗതാഗത സംവിധാനത്തിന്റെ വിജയത്തിന് ഇത്തരം വികസനങ്ങൾ അനിവാര്യമാണെന്നും ഗതാഗത സംവിധാന ഉപയോക്താക്കൾക്ക് ഇതു കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും യോഗം വിലയിരുത്തി. പൊതു ഗതാഗത സംവിധാനത്തിന്റെ വികസനത്തിന് നിർദേശിക്കപ്പെട്ട നിക്ഷേപ പദ്ധതികളെ കുറിച്ചും വിവിധ രാജ്യങ്ങളിൽ സമാന രീതിയിൽ നടപ്പാക്കിയ രീതികളെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. 
നഗരത്തിലെ പള്ളികളുടെയും വിദ്യാഭ്യാസ, ആരോഗ്യ, സുരക്ഷ, സാംസ്‌കാരിക, വിനോദ സ്ഥാപനങ്ങളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കാനും ആവശ്യമായ വികസന പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെയും അവയുടെ ഭൂമികളെയും സർക്കാർ ഭൂമികളെയും ഉൾപ്പെടുത്തി ഡാറ്റാ ബാങ്ക് തയാറാക്കും. സർക്കാർ ഭൂമി കയ്യേറാതിരിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
നഗരത്തിലെ ജനസംഖ്യാ വർധനവിനനുസരിച്ച് ഓരോ പ്രദേശങ്ങളിലും നടപ്പാക്കേണ്ട അടിസ്ഥാന വികസനങ്ങളെ കുറിച്ചും അവക്കാവശ്യമായ നിയമ ഭേദഗതികളും യോഗം അംഗീകരിച്ചു. വ്യാപാര കേന്ദ്രങ്ങളോട് ചേർന്ന് താമസക്കാർക്കാവശ്യമായ നടപ്പാതകൾ, കാർ പാർക്കിംഗ് സെന്ററുകൾ, കെട്ടിടങ്ങൾ എന്നിവ നിർമിച്ച് അത്തരം സ്ഥലങ്ങളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. ഒലയ്യ ബത്ഹ നീലപ്പാതയിൽ ഒലയ്യയിൽ 41,000 ചതുരശ്ര മീറ്ററിൽ അൽഖുസാമ കമ്പനി നിർമിക്കുന്ന, പഞ്ചനക്ഷത്ര ഹോട്ടലുൾക്കൊള്ളുന്ന ഫൈസലിയ ട്രേഡിംഗ് ആന്റ് റെസിഡൻഷ്യൽ കോംപ്ലക്‌സ്, മുർസലാത്തിലെ 1,35,000 ചതുരശ്ര മീറ്റർ ട്രേഡിംഗ് ആന്റ് റെസിഡൻഷ്യൽ പദ്ധതി, ദമാം റോഡിലെ ഹയ്യു റമാലിലെ 1.1 മില്യൻ ചതുരശ്രമീറ്ററിലെ പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതി, അൽഹദാ റോഡിലെ ക്വാർട്ടിയാഡ് ഹോട്ടൽ വികസനം തുടങ്ങിയവക്ക് സമിതി അംഗീകാരം നൽകി. 
 

Latest News