1985 ൽ ബിൽ പൈലറ്റ് ചെയ്തുകൊണ്ട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൂചിപ്പിച്ച ഒരു വസ്തുതയുണ്ട്. 'ഈ ബില്ലിൽ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഗുരുതരമായ തെറ്റുകൾ വരുത്തി പിന്നീട് പശ്ചാത്തപിക്കുന്നതിനേക്കാൾ ജാഗ്രതയോടെ മുമ്പോട്ടു പോകുന്നതാണ് നമുക്ക് നല്ലത്. ഈ ബില്ലിൽ പോരായ്മകൾ ഉണ്ടാകും. പക്ഷേ ആ പോരായ്മകൾ കാണുകയും തിരിച്ചറിയുകയും ചെയ്യുമ്പോൾ അവ മറികടക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.'
മഹാരാഷ്ട്രയിൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത മഹാവികാസ് അഘാഡി സർക്കാർ നിലംപൊത്തി. പകരം ശിവസേന വിമതരും ബി.ജെ.പിയും ചേർന്നുണ്ടാക്കിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേനയിലെ നാൽപത് എം.എൽ.എമാർ വളരെ നാടകീയമായി കൂറുമാറി ബി.ജെ.പി ക്യാമ്പിൽ ചേക്കേറുകയും ഉദ്ധവ് താക്കറേക്കുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്ട്രയിൽ അപ്രതീക്ഷിത ഭരണ മാറ്റം സംഭവിക്കുന്നത്.
അധികാരമേറ്റ ഷിൻഡെ സർക്കാരിന് നിയമപരമായി നിലനിൽക്കാൻ സാധിക്കുമോ എന്ന കാര്യം രാജ്യം ഉറ്റുനോക്കുകയാണ്. കൂറുമാറ്റം ഇന്ത്യയിൽ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും പഴുതുകളും ഉപായങ്ങളും കണ്ടെത്തിക്കൊണ്ടുള്ള കൂറുമാറ്റങ്ങൾ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ജനങ്ങൾ നൽകുന്ന സമ്മതിദാനത്തിന് ഒരു വിലയും കൽപിക്കാതെ തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് കൂറുമാറ്റക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ പാർട്ടിയും ഒറ്റക്കോ മുന്നണിയായോ മത്സരിച്ച് അധികാരത്തിലേറുന്നത് ജനങ്ങൾ അവർക്ക് നൽകുന്ന പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടു തന്നെ പാർട്ടി അംഗങ്ങളായ ജനപ്രതിനിധികൾ പാർട്ടിയുടെ ശാസനകൾ (വിപ്പ്) അനുസരിക്കുക ജനാധിപത്യ ധാർമികതയുടെ ഭാഗമാണ്. ജയിച്ചു വന്നതിന് ശേഷം പാർട്ടി മാറുക, അല്ലെങ്കിൽ പാർട്ടിയുടെ വിപ്പ് ലംഘിച്ച് പ്രവർത്തിക്കുക തുടങ്ങിയ പ്രവണതകൾ പ്രകടിപ്പിക്കുന്നവർ ജനപ്രതിനിധികളായി തുടരുന്നത് ധാർമികതയല്ല.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ കൂറുമാറ്റം ഉണ്ടായിരുന്നെങ്കിലും 1960 കളിൽ മുന്നണി രാഷ്ട്രീയം സജീവമായതോടെയാണ് അത് വർധിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ പ്രസിദ്ധമായ ആദ്യത്തെ കൂറുമാറ്റം സംഭവിച്ചത് ഹരിയാനയിലാണ്. 1967 ൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട ഗയാലാൽ ആദ്യം കോൺഗ്രസിൽ ചേർന്നു. മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് വിട്ട് യുനൈറ്റഡ് ഫ്രണ്ടിൽ അംഗമായി. വീണ്ടും കോൺഗ്രസായി. ഒമ്പത് മണിക്കൂർ കഴിഞ്ഞ് വീണ്ടും യുനൈറ്റഡ് ഫ്രണ്ടിൽ. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ റാവു ബീരേന്ദ്രസിംഗ് ഗയാലാലിനെ പത്രപ്രവർത്തകർക്ക് മുമ്പിൽ കൊണ്ടുവന്നു പറഞ്ഞു: 'ഗയാറാം ആയാറാം'. ഈ പ്രയോഗം പിന്നീട് രാജ്യത്ത് പ്രസിദ്ധമായി.
1967 ലെ നാലാം പൊതുതെരഞ്ഞെടുപ്പിൽ കൂറുമാറ്റങ്ങളുടെ എണ്ണം വർധിച്ചു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമായി. ഇതിനെ നേരിടാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വൈ.ബി.ചവാൻ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചു. 1968 ൽ ചവാൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു, ഇതാണ് കൂറുമാറ്റത്തെ നിരോധിക്കാൻ വേണ്ടി രാജ്യത്ത് നടന്ന ആദ്യ ശ്രമം. പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചിരുന്നുവെങ്കിലും സെലക്ട് കമ്മിറ്റിയിൽ തട്ടി നിന്ന് ശ്രമം പൂർത്തിയാക്കാൻ ഇന്ദിരാഗാന്ധിക്ക് സാധിച്ചില്ല.
അടിയന്തരാവസ്ഥക്ക് ശേഷം 1977-79 കാലങ്ങളിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ കോൺഗ്രസിതര സർക്കാർ തകർന്നത് 76 എം.പിമാരുടെ കൂറുമാറ്റത്തെ തുടർന്നായിരുന്നു. ഈ കാലഘട്ടത്തിൽ സംസ്ഥാനങ്ങളിലും കൂറുമാറ്റ പ്രവണത വർധിച്ചിരുന്നു. പണത്തോടും അധികാരത്തോടുമുള്ള ആർത്തിയായിരുന്നു കൂറുമാറ്റങ്ങളുടെ പിന്നിൽ എന്നതിനാൽ 'ഗോൾഡ് റഷ്' എന്ന പേര് കൂറുമാറ്റത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ കാലമേറുന്തോറും പൊതുജനങ്ങൾക്കിടയിൽ കൂറുമാറ്റത്തോടുള്ള അമർഷം വർധിച്ചപ്പോൾ അതിനെ നിയന്ത്രിക്കുവാനുള്ള നിയമങ്ങൾ ശക്തമാക്കുക അനിവാര്യമായി. ഇന്ദിരാഗാന്ധിയുടെ ദാരുണമായ അന്ത്യത്തോടെ 1984 ൽ രാജീവ് ഗാന്ധി അധികാരത്തിൽ വന്നതോടെയാണ് ഇതിനുള്ള ശ്രമം ഊർജിതമായത്. 1985 ജനുവരി 30, 31 തീയതികളിൽ കൂറുമാറ്റ നിരോധന ബില്ലിന് ലോക്സഭയും രാജ്യസഭയും ഏകകണ്ഠമായി അംഗീകാരം നൽകി. 1985 മാർച്ച് 18 മുതൽ ഭരണഘടനയുടെ 52 ാം ഭേദഗതിയായി പ്രാബല്യത്തിൽ വന്ന നിയമം പത്താം ഷെഡ്യൂളായി ഭരണഘടനയിൽ ഇടം പിടിച്ചു.
കൂറുമാറ്റ നിരോധ നിയമത്തിൽ എട്ട് ഖണ്ഡികകൾ എഴുതിച്ചേർത്തിട്ടുണ്ട്. ഒന്നാമത്തെ ഖണ്ഡിക അനുസരിച്ച് ഒരു ജനപ്രതിനിധി പാർട്ടിയിൽ നിന്നും രാജിവെച്ചാൽ അയാൾ അയോഗ്യനാക്കപ്പെടും. രണ്ടാമത്തെ ഖണ്ഡിക അനുസരിച്ച് പാർട്ടി വിപ്പ് ലംഘിച്ച് പ്രവർത്തിച്ചാൽ അംഗത്വം നഷ്ടപ്പെടും. മൂന്നാമത്തെ ഖണ്ഡിക പറയുന്നത് പാർട്ടി പിളരുകയും ഏതാനും അംഗങ്ങൾ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കുകയും അവർക്ക് മൂന്നിലൊന്ന് അംഗങ്ങൾ ഉണ്ടാവുകയും ചെയ്താൽ അവർ അയോഗ്യരാക്കപ്പെടുകയില്ല എന്നാണ്. എന്നാൽ ഇത് വളരെ കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടത് കാരണം 2003 ലെ 91 ാം ഭരണഘടന ഭേദഗതിയിലൂടെ ഈ വ്യവസ്ഥ എടുത്തുകളഞ്ഞു.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ ധാർമികതയെയും കൂറുമാറ്റ നിരോധ നിയമത്തെയും ഭരണഘടനയെയും അവഗണിച്ചുകൊണ്ട് പണത്തിന്റെയും പ്രലോഭനത്തിന്റെയും പിറകെ പോയവർ നടത്തിയ 'സാധ്യതാ രാഷ്ട്രീയ പരീക്ഷണം' തന്നെയാണ് സംഭവിച്ചത്. ഒരു ചെറിയ വ്യത്യാസമുണ്ടെന്ന് മാത്രം. ശിവസേനയിലെ വിമത അംഗങ്ങൾ ബി.ജെ.പിയിൽ ചേരാതെ തന്നെ മൂന്നിൽ രണ്ട് അംഗങ്ങളെ സംഘടിപ്പിച്ച് പ്രത്യേക ഗ്രൂപ്പുണ്ടാക്കി സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പിയുമായി ഒത്തുകളിക്കുകയും അവരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കുകയും ചെയ്തു. 56 അംഗങ്ങളുള്ള ശിവസേനയിൽ 40 അംഗങ്ങളെ സംഘടിപ്പിച്ച് മൂന്നിൽ രണ്ട് എന്ന നാലാം ഖണ്ഡികയിലെ വ്യവസ്ഥ പാലിച്ചു എന്ന് വിമത എം.എൽ.എമാർക്ക് അവകാശപ്പെടാമെങ്കിലും കോടതിയുടെ മുമ്പിലുള്ള കൂറുമാറ്റവുമായി ബന്ധപ്പെട്ട ഒട്ടേറെ നിയമ പ്രശ്നങ്ങൾ കീറാമുട്ടിയായി അവരുടെ മുമ്പിൽ തുടരും.
വിമതർക്ക് മൂന്നിൽ രണ്ടോ അതിലധികമോ ഭൂരിപക്ഷമുണ്ടായാൽ തന്നെയും പാർട്ടികൾ തമ്മിലുള്ള ലയനം സാധ്യമായില്ലെങ്കിൽ അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. വിമതർക്ക് അവരാണ് യഥാർത്ഥ ശിവസേന എന്നവകാശപ്പെടാനും സാധിക്കില്ല. കാരണം പത്താം പട്ടികയിലെ രണ്ടാം ഖണ്ഡിക അനുസരിച്ച് പാർട്ടി വിപ്പ് ഇതിനകം അവർ ലംഘിച്ചുകഴിഞ്ഞു. അഥവാ അവർ സ്വമേധയാ പാർട്ടിയിൽ നിന്നും രാജിവെച്ചു എന്നർത്ഥം. 1994 ലെ രവി എസ്. നായിക് യൂനിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി പറഞ്ഞത് 'ഒരു അംഗത്തിന്റെ പെരുമാറ്റത്തിൽ നിന്ന് അദ്ദേഹം ഉൾപ്പെടുന്ന പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചുവെന്ന് അനുമാനിക്കാം' എന്നാണ്. വളരെ സുപ്രധാനമായ പാർട്ടി വിപ്പ് ലംഘിക്കുക വഴി വിമതരുടെ പെരുമാറ്റം കോടതിക്ക് നിരീക്ഷിക്കാൻ സാധിക്കും. നിയമസഭയിലെ ശിവസേന അംഗങ്ങളിൽ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് വിമതർക്ക് പറയാമെന്നല്ലാതെ തങ്ങളാണ് യഥാർത്ഥ ശിവസേന എന്ന് അവകാശപ്പെടാനോ തെളിയിക്കാനോ അവർക്ക് നിയമപരമായി കഴിയില്ല.
1985 ൽ ബിൽ പൈലറ്റ് ചെയ്തുകൊണ്ട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൂചിപ്പിച്ച ഒരു വസ്തുതയുണ്ട്. 'ഈ ബില്ലിൽ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഗുരുതരമായ തെറ്റുകൾ വരുത്തി പിന്നീട് പശ്ചാത്തപിക്കുന്നതിനേക്കാൾ ജാഗ്രതയോടെ മുമ്പോട്ടു പോകുന്നതാണ് നമുക്ക് നല്ലത്. ഈ ബില്ലിൽ പോരായ്മകൾ ഉണ്ടാകും. പക്ഷേ ആ പോരായ്മകൾ കാണുകയും തിരിച്ചറിയുകയും ചെയ്യുമ്പോൾ അവ മറികടക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.
' ഈ നിരീക്ഷണത്തിന്റെ ആത്മാവ് വീണ്ടെടുത്ത് കൂറുമാറ്റ രാഷ്ട്രീയത്തെ ഇല്ലാതാക്കി ജനാധിപത്യത്തെയും സമ്മതിദായകരുടെ അവകാശത്തെയും സംരക്ഷിക്കാൻ ജനപ്രതിനിധികളും പൊതുജനങ്ങളും തയാറാവുകയാണ് വേണ്ടത്.






