Sorry, you need to enable JavaScript to visit this website.

അടുത്ത വർഷം സൗദിയിൽ ഒരു കോടി തീർഥാടകർ എത്തും

മക്ക - അടുത്ത വർഷം (ഹിജ്‌റ 1444) വിദേശങ്ങളിൽ നിന്ന് ഒരു കോടിയിലേറെ ഉംറ തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാനി അൽഉമൈരി പറഞ്ഞു. അടുത്ത ഉംറ സീസണിൽ പ്രവർത്തിക്കാൻ സൗദി ഉംറ സർവീസ് കമ്പനികളെയും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ഹജ്, ഉംറ മന്ത്രാലയം ആക്ടിവേറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വിദേശ ഉംറ തീർഥാടകർക്ക് സേവനം നൽകുന്ന മേഖലയിൽ 500 ലേറെ സൗദി കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ ഈ കമ്പനികളിൽ സൗദി ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. 
ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള രണ്ടായിരത്തിലേറെ വിദേശ ഏജന്റുമാരുണ്ട്. ഗ്രൂപ്പുകൾക്കും വ്യക്തികൾക്കുമുള്ള ബിടുബി, ബിടുസി സംവിധാനങ്ങൾ അനുസരിച്ച ഉംറ പാക്കേജുകൾ പ്രദർശിപ്പിച്ച് കരാറുകൾ ഒപ്പുവെക്കാൻ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്രാദേശികവും ആഗോളവുമായ 34 ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുണ്ട്.
ഗൾഫ് ഇന്റർനാഷണൽ ബാങ്ക് അംഗീകരിച്ച വാലറ്റുകൾ വഴി ഉംറ പാക്കേജുകൾ വാങ്ങാൻ സാധിക്കും. വിസ, മാസ്റ്റർ കാർഡ്, മദ കാർഡ് അടക്കമുള്ള അംഗീകൃത ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ വഴിയും ഉംറ പാക്കേജുകൾ വാങ്ങാൻ കഴിയും. ഏറ്റവും പുതിയ മോഡൽ ബസുകളിൽ ഉംറ തീർഥാടകർക്ക് സൗദിയിൽ യാത്രാ സൗകര്യം നൽകാൻ ജനറൽ കാർസ് സിണ്ടിക്കേറ്റ് അംഗീകാരമുള്ള 68 ബസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 
വിദേശ തീർഥാടകർക്ക് പുണ്യഭൂമിയിൽ താമസസൗകര്യം നൽകാൻ ടൂറിസം മന്ത്രാലയത്തിന്റെയും ഹജ്, ഉംറ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള 1,900 ലേറെ ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ടുകളുമുണ്ട്. ഉംറ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ വലിയ പുരോഗതിയുണ്ട്. നൂതന സാങ്കേതികവിദ്യകൾ വഴി ഉംറ പാക്കേജ് വാങ്ങാനും മിനിറ്റുകൾക്കുള്ളിൽ വിസ നേടാനും വിദേശ തീർഥാടകർക്ക് സാധിക്കുമെന്നും ഹാനി അൽഉമൈരി പറഞ്ഞു. 

Latest News