ജിദ്ദ ചേരിവികസന പദ്ധതി  നീട്ടിവെച്ചിട്ടില്ലെന്ന് നഗരസഭ

ജിദ്ദ - ചേരിവികസന പദ്ധതിയുടെ ഭാഗമായ കെട്ടിടം പൊളിക്കൽ ജോലികൾ നീട്ടിവെച്ചിട്ടില്ലെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അൽബഖമി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല. വികസന പദ്ധതിയുടെ പരിധിയിൽ വരുന്ന 20 ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ ഇതിനകം പൂർണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. എട്ടു ഡിസ്ട്രിക്ടുകളിൽ കെട്ടിടം പൊളിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. ബനീമാലിക്, അൽവുറൂദ്, മുശ്‌രിഫ, അൽജാമിഅ, അൽറാവാബി, അസീസിയ, അൽരിഹാബ്, അൽറബ്‌വ ഡിസ്ട്രിക്ടുകളിലാണ് കെട്ടിടം പൊളിക്കൽ ജോലികൾ പുരോഗമിക്കുന്നത്. 
അൽമുൻതസഹാത് ഡിസ്ട്രിക്ടിലെ കെട്ടിടങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ട് ഈ മാസം 23 ന് ഉടമകൾക്ക് നോട്ടീസ് നൽകും. ഖുവൈസ, അൽഅദ്ൽ, അൽഫദ്ൽ ഡിസ്ട്രിക്ടുകളിലെ കെട്ടിടങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ട് അടുത്ത മാസം നോട്ടീസുകൾ നൽകും. ഉമ്മുസലം, കിലോ 14 ഡിസ്ട്രിക്ടുകളിലെ കെട്ടിട ഉടമകൾക്ക് സെപ്റ്റംബറിൽ നോട്ടീസ് നൽകും. കെട്ടിടം പൊളിക്കൽ ജോലികൾ നീട്ടിവെക്കുകയോ നേരത്തെ പ്രഖ്യാപിച്ച സമയക്രമത്തിൽ ഭേദഗതികൾ വരുത്തുകയോ ചെയ്യുന്ന പക്ഷം അക്കാര്യം ഔദ്യോഗിക മാർഗങ്ങളിൽ പരസ്യപ്പെടുത്തും. ചേരിവികസന പദ്ധതി ആ പ്രദേശങ്ങളിലെ ജീവിത നിലവാരവും ദൃശ്യഭംഗിയും മെച്ചപ്പെടുത്തുമെന്നും ജിദ്ദ നഗരസഭാ വക്താവ് പറഞ്ഞു.

Latest News