Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; മാർത്തോമ കോളേജിൽ സംഘർഷം

കൊല്ലം - കഴിഞ്ഞ ദിവസം കൊല്ലത്ത് നീറ്റ് പരീക്ഷക്കായി എത്തിയ നൂറോളം വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ കൊല്ലം ആയൂരിലെ മാർത്തോമ കേന്ദ്രത്തിൽ വൻ സംഘർഷം. കോളേജിലേക്ക് വിവിധ വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷം. കോളേജിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. തുടർന്ന് ഡി.വൈ.എഫ്.ഐ, എ.ബി.വി.പി അടക്കമുള്ള യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിന്റെ ജനൽ ചില്ലുകളും മറ്റും പ്രതിഷേധക്കാർ അടിച്ചു തകർത്തു. പോലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി വിദ്യാർഥികൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. ഒരു മാധ്യമ പ്രവർത്തകനും പരിക്കേറ്റു. അടിവസ്ത്രം അഴിപ്പിച്ച വിദ്യാർഥിനിയിൽനിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. കോളേജിൽ വിദ്യാർഥികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതികരണം വന്നിട്ടുണ്ട്. ലോക്‌സഭയിൽ വിഷയം എം.കെ പ്രേമചന്ദ്രൻ എം.പി ഉന്നയിച്ചു. 
 ചടയമംഗലത്തെ മാർത്തോമ കോളേജിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാർഥിനികളെ അപമാനിച്ച സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു. പരീക്ഷക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങൾ ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.
ഇതു സംബന്ധിച്ച് റൂറൽ എസ്പിക്ക് നിരവധി പരാതികൾ നൽകി. പരീക്ഷാകേന്ദ്രത്തിലാണ് പരിശോധനാ ചുമതലയുണ്ടായിരുന്ന അധ്യാപിക ആയിരുന്നു അടിവസ്ത്രം ഊരിവാങ്ങിയത്. വസ്ത്രത്തിൽ ലോഹ ക്ലിപ്പുകളും മറ്റുമുണ്ടാകരുത് എന്ന നിയമമാണ് ഇവർ കൃത്യമായി നടപ്പാക്കിയത്. സ്‌കാൻ ചെയ്യുമ്പോൾ ലോഹ ക്ലിപ്പുകൾ ഉണ്ടെങ്കിൽ ശബ്ദം കേൾക്കും. എന്നാൽ പാന്റിലെ സിപ്, ബ്രായുടെ ഹുക്ക് തുടങ്ങിയ കേസുകളിൽ പരിശോധകർ വിദ്യാർഥികളെ അനുവദിക്കാറാണ് പതിവെന്ന് രക്ഷിതാക്കൾ പറയുന്നു. 
ശൂരനാട്ടെ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിച്ചുമാറ്റാതെ പരിശോധന അനുവദിക്കില്ലെന്ന് നിർബന്ധം പിടിച്ചു. മാതാവിനെ ഗേറ്റിൽ വിളിപ്പിച്ച് ഷാൾ വാങ്ങി. പ്രശ്‌നം അവിടെ തീർന്നെന്നാണ് കരുതിയതെങ്കിലും അടിവസ്ത്രം അഴിച്ചുവാങ്ങി ഷാൾ നൽകുകയായിരുന്നു. കുട്ടി മാനസികമായി തളർന്നു. മടക്കയാത്രയിൽ കാറിൽ വച്ച് മാതാവിനോടാണ് കുട്ടി ഇക്കാര്യം പറയുന്നത്. പിന്നീട് രക്ഷിതാക്കൾ വിശദമായി കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവിച്ചത് വ്യക്തമായത്. വനിതാ ഉദ്യോഗസ്ഥയാണ് കർശന നിലപാട് സ്വീകരിച്ചത്. നീറ്റ് പരീക്ഷ എഴുതണോ വസ്ത്രം ധരിക്കണോ എന്നാണ് ചോദിച്ചതെന്നും രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് റൂറൽ എസ്.പി പറഞ്ഞു. കുട്ടികളുടെ മൊഴി എടുത്തശേഷം നടപടി സ്വീകരിക്കും.
ചടയമംഗലത്ത് ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ അടിവസ്ത്രമഴിപ്പിച്ച് വിദ്യാർഥിനികളെ കൊണ്ട് പരീക്ഷയെഴുതിച്ച സംഭവത്തിൽ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ. സംഭവത്തിൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയിൽ അവർക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിൻസിപ്പൽ പറഞ്ഞു.'നാഷണൽ ടെസ്റ്റിങ് ഏജൻസി ഓൾ ഇന്ത്യാ ലെവലിൽ നടത്തുന്ന പരീക്ഷയാണിത്. അവർക്ക് ചില നടപടികളുണ്ട്. ഈ സംഭവത്തിൽ കോളേജിന് ഒരു പങ്കുമില്ല. അവരുടെ ഒഫിഷ്യൽസ് ആണ് പരീക്ഷ നടത്താനെത്തിയത്. അവർക്ക് മാത്രമാണ് ഇതിൽ പൂർണ ഉത്തരവാദിത്തം. കോളേജിന് ഇക്കാര്യത്തിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സംഭവത്തെ വളരെ ഗൗരവത്തോടെയാണ് വനിതാ കമ്മീഷൻ കാണുന്നതെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നും വിദ്യാർഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നൽകുമെന്നും ഷാഹിദ കമാൽ പറഞ്ഞു. പുരോഗമനപരമായി ചിന്തിക്കുന്ന ഈ സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷാ നടത്തിപ്പിനിടെയാണ് ഈ ദുരനുഭവമുണ്ടായത്. പരീക്ഷ എഴുതാനെത്തുമ്പോൾ തന്നെ വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദത്തിലാണ്. ആ സമ്മർദത്തിന്റെ ആഘാതം കൂട്ടുന്നതാണ് വസ്ത്രമഴിച്ചുള്ള പരിശോധന. മനുഷ്യാവകാശ ലംഘനവും മാനുഷിക മൂല്യങ്ങൾക്ക് നിരക്കാത്തതുമായ സംഭവമാണിത്. വിദ്യാർഥിനികളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുക കൂടിയാണ് ചെയ്തതെന്നും അവർ പറഞ്ഞു.

Latest News