തൃശൂര്‍- തൃശൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശി ഷീല (52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഷീലക്ക് തെരുവുനായയുടെ കടിയേറ്റത്. അതിന് ശേഷം ഇവര്‍ ചികിത്സ തേടിയിരുന്നു. പേവിഷബാധക്കുള്ള കുത്തിവെപ്പ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
മരണകാരണം പേവിഷബാധയാണോ എന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പേവിഷബാധയേറ്റ് മരിച്ചതാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.