സിറിയയില്‍ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ ആക്രമണം തുടങ്ങി 

സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തില്‍ പോര്‍വിമാനം ലാന്‍ഡ് ചെയ്യുന്നു.

വാഷിംഗ്ടണ്‍/ബെയ്‌റൂത്ത്‌- സിറിയയില്‍ വ്യോമക്രമണം ആരംഭിച്ചതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ സഖ്യരാഷ്ട്രങ്ങളാണ് സിറിയയില്‍ ആക്രമണം ആരംഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.


ദൗമയില്‍ സിറിയ നടത്തിയ രാസായുധ ആക്രമണമാണ് കുടുത്ത നടപടിക്ക് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പ്രേരണ. അതേസമയം, യു.എസ് മിസൈലുകള്‍ വെടിവെച്ചിടുമെന്നും വിക്ഷേപണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

വന്‍ സ്‌ഫോടനങ്ങള്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനെ വിറപ്പിച്ചു. ആകാശത്ത് കറുത്ത പുക നിറഞ്ഞു. കിഴക്കന്‍ ദമസ്‌കസില്‍ കനത്ത പുക ഉയര്‍ന്നുവെന്നും ആകാശം ഓറഞ്ച് നിറമായതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ശാസ്ത്ര, ഗവേഷണ കേന്ദ്രത്തില്‍ ബോംബ് വീണതായി സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ വലിയ തീഗോളം കാണപ്പെട്ടു. 


ദമസ്‌കസിനു തെക്ക് വ്യോമപ്രതിരോധ സംവിധാനം 13 റോക്കറ്റുകള്‍ വീഴ്ത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദമസ്‌കസ് തെരുവുകളില്‍ ഉച്ചഭാഷണികളില്‍ ദേശീയ ഗാനങ്ങള്‍ കേള്‍ക്കാം. നല്ലവരെ തകര്‍ക്കാനാവില്ലെന്നാണ് വ്യോമാക്രമണത്തിനു പിന്നാലെ സിറിയന്‍ പ്രസിഡന്റിന്റെ ട്വീറ്റ്. 
സിറിയയില്‍ രാസായുധ ആക്രമണം ആവര്‍ത്തിക്കുന്നതില്‍നിന്ന് ബശാര്‍ ഭരണകൂടത്തെ തടയുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 


 

Latest News