ഉദാഹരണം നിങ്ങള്‍ തന്നെ, കെ.ടി.ജലീലിനെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പി.കെ.ഫിറോസ്

കോഴിക്കോട്- സംഘടനാപരമായി ലീഗിന്റെ രീതി അച്ചടക്ക നടപടി കൈക്കൊള്ളലാണെന്നും അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കെ.ടി. ജലീലെന്നും ഉണര്‍ത്തി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്.
ഇന്നോവ അയച്ചും 51 തവണ വെട്ടിയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ട ഗതികേട് ഈ പാര്‍ട്ടിയില്‍ നിന്നു പോയവര്‍ക്കുണ്ടാകില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ താങ്കള്‍. വിഭാഗീയതകള്‍ക്കൊടുവില്‍ ടി.പിയെ സിപിഎം കൊന്നശേഷം, അത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഫ് നടത്തിയ കൊലപാതകമാണെന്ന് താങ്കള്‍ പ്രസംഗിച്ച പോലെ ന്യായീകരിക്കാനും ഒരു ലീഗ് നേതാവിനും അവസരമുണ്ടാകില്ല- പി.കെ.ഫിറോസ് ഫേസ് ബുക്കില്‍ കുറിച്ചു.
എങ്ങനെയാണ് മണിക്കൂറുകള്‍ക്കുളളില്‍ ലീഗെന്ന ജനാധിപത്യ പാര്‍ട്ടി ഏകാധിപത്യ പാര്‍ട്ടിയായതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കെ.ടി.ജലീല്‍ ഫേസ് ബുക്ക് പോസ്റ്റില്‍  ചോദിച്ചിരുന്നു.

പി.കെ.ഫിറോസിന്റെ
ഫേസ് ബുക്ക് പോസ്റ്റ്

പിണറായിയും വി.എസ്സും കണ്ടാല്‍ മിണ്ടാത്ത, കാണുമെന്ന് തോന്നിയാല്‍ തിരിഞ്ഞു നടക്കുന്ന സി.പി.എമ്മിലെ കടുത്ത വിഭാഗീയതയുടെ കാലത്ത് അതില്‍ എരിവും പുളിയും കയ്പ്പുമെല്ലാം പുരട്ടി പിണറായിയുടെ കൂടെയാണെന്ന് തോന്നലുണ്ടാക്കിയ ആളാണ് കെ.ടി ജലീല്‍. ലീഗില്‍ നിന്ന സമയത്ത് കേട്ട സമദാനി സാഹിബിന്റെ 'ബക്കറ്റിലെ വെള്ളം' ഉപമയുള്ള പ്രസംഗം അതുപോലെ പകര്‍ത്തിയെടുത്ത് പിണറായിക്ക് നല്‍കി ശംഖുമുഖം കടപ്പുറത്ത് വി.എസ്സിനെതിരെ പ്രസംഗിപ്പിച്ച ജലീല്‍, രണ്ടുപേരെയും പോളിറ്റ് ബ്യൂറോ പുറത്തിട്ടപ്പോള്‍ അപ്പുറത്ത് മാറിനിന്ന് കുലുങ്ങിച്ചിരിച്ചു.

ഇതുപോലെ ലീഗില്‍ ഉണ്ടാകുമോ എന്നാണ് ജലീല്‍ ഇടയ്ക്കിടെ നാവുനനച്ചു കാത്തിരിക്കുന്നത്. അനവസരത്തിലൊക്കെ എടുത്തുപയറ്റിയ വേദവാക്യങ്ങളും പഴംചൊല്ലുകളും കവിതാ ശകലങ്ങളും മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ പര്യാപ്തമാവാതെ രാജിവെക്കേണ്ടി വന്നതിന്റെ കെറുവും അന്ധാളിപ്പും ഇതുവരെ വിട്ടുപോകാത്തതിന്റെ ലക്ഷണമാണ് ഇടയ്ക്കിടെ കാണുന്ന ഈ വൃഥാസ്വപ്നങ്ങള്‍.

പടിഞ്ഞിരിക്കാന്‍ വരാന്തയെങ്കിലും സമ്മാനിച്ച എ.കെ.ജി സെന്ററിലും പുറത്ത് സ്വന്തം സമുദായത്തിനിടയിലും ജലീല്‍ നടത്തിയ വിഭാഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. ഇതില്‍ മനംനൊന്ത് ഈ മുന്‍ മന്ത്രി ഭാരതപ്പുഴയില്‍ പാപമോചന സ്നാനം ചെയ്താല്‍ ആ പുഴവെള്ളത്തിലും വെറുപ്പിന്റെ വിഷം കലരും എന്നത് മാത്രമാണ് മിച്ചം.

സംഘടനാപരമായി ലീഗിന്റെ രീതി അച്ചടക്ക നടപടി കൈക്കൊള്ളലാണ്. അല്ലാതെ ഇന്നോവ അയച്ചും 51 തവണ വെട്ടിയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ട ഗതികേട് ഈ പാര്‍ട്ടിയില്‍ നിന്നു പോയവര്‍ക്കുണ്ടാകില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ താങ്കള്‍. വിഭാഗീയതകള്‍ക്കൊടുവില്‍ ടി.പിയെ സിപിഎം കൊന്നശേഷം, അത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഫ് നടത്തിയ കൊലപാതകമാണെന്ന് താങ്കള്‍ പ്രസംഗിച്ച പോലെ ന്യായീകരിക്കാനും ഒരു ലീഗ് നേതാവിനും അവസരമുണ്ടാകില്ല.

ലീഗിനെതിരായ അങ്ങയുടെ പകല്‍ക്കിനാവുകള്‍ക്ക് ആശംസകള്‍. ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക.

 

Latest News