ഓഹരി വിപണിക്ക് വിൽപന തരംഗം തിരിച്ചടിയായി

ഇന്ത്യൻ ഓഹരി വിപണി മൂന്ന് ആഴ്ചകളിൽ നിലനിർത്തിയ മികവ് തുടരാനുള്ള ശ്രമത്തിനിടയിലെ ശക്തമായ വിൽപന തരംഗം തിരിച്ചടിയായി. ജനുവരിക്ക് ശേഷം ഇതുവരെ മൂന്ന് ആഴ്ചകളിൽ കൂടുതൽ കരുത്ത് നിലനിർത്താൻ ഇൻഡക്‌സുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന ചരിത്രം ഒരു പരിധിവരെ ആഭ്യന്തര ഫണ്ടുകളുടെ ബുള്ളിഷ് കാഴ്ചപ്പാടിൽ വിള്ളലുളവാക്കി. ബോംബെ സെൻസെക്‌സ് 721 പോയന്റും നിഫ്റ്റി 171 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. മുൻനിര ഇൻഡക്‌സുകൾ ഒരു ശതമാനം ഇടിഞ്ഞു.  ആഗോള സാമ്പത്തിക മേഖലയിലെ പിരിമുറുക്കം ആഭ്യന്തര ഫണ്ടുകളുടെ നിലപാടുകളിൽ ചെറിയ ഇളക്കം സൃഷ്ടിച്ചതായി വേണം അനുമാനിക്കാൻ. പോയവാരം രണ്ട് ദിവസങ്ങളിലായി അവർ മൊത്തം 853 കോടി രൂപയുടെ ഓഹരികൾ വിറ്റു. മറ്റ് ദിവസങ്ങളിൽ അവർ 2999 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശ ഫണ്ടുകൾ കഴിഞ്ഞ വാരം 5017 കോടിയുടെ ഓഹരികൾ വിറ്റു. 
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ശ്രീലങ്ക, പാക്കിസ്ഥാൻ, റഷ്യ, ഉക്രൈയിൻ, ഈജിപ്ത്, അർജന്റീന, നൈജീരിയ, ഘാന, തുനീഷ്യ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങൾ. വരുന്ന രണ്ട് മാസങ്ങളിൽ ആവശ്യമായ സാമ്പത്തിക പിന്തുണയുമായി ഐഎംഎഫ് രംഗത്ത് എത്തിയില്ലെങ്കിൽ മാന്ദ്യം ഏഷ്യൻ രാജ്യങ്ങളിൽ രൂക്ഷമാവും. 
1997 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി വേളയിൽ യുഎസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 22 ശതമാനം ഇടിഞ്ഞു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി വേളയിൽ രൂപയുടെ മൂല്യം 39.00 ൽനിന്ന് 28 ശതമാനം ഇടിഞ്ഞ് 49.96 ലേയ്ക്ക് ദുർബലമായി. പിന്നിട്ട വാരത്തിൽ വിനിമയ മൂല്യം 79.25 ൽ നിന്നും ചരിത്രത്തിൽ ആദ്യമായി 80.04 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 79.86 ലാണ്. ഈ വാരം 80.50 ലേയ്ക്ക് ദുർബലമാകാനാണ് സാധ്യത. ഈ വാരം നടക്കുന്ന യൂറോപ്യൻ കേന്ദ്ര ബാങ്ക് യോഗ തീരുമാനം രൂപയെയും സ്വാധീനിക്കും. 
പ്രത്യേകിച്ച് യൂറോയും ചൈനീസ് നാണയമായ യൂവാനും തമ്മിലുള്ള മത്സരം ഏഷ്യൻ നാണയങ്ങളിൽ പിരിമുറുക്കം സൃഷ്ടിക്കാം. യൂറോ ഇരുപത് വർഷത്തെ ഏറ്റവും ദുർബലമായ നിലയിലാണ്. 2022 ൽ ഇതിനകം 13 ശതമാനം മുന്നേറിയ ഡോളർ സൂചിക കൂടുതൽ കരുത്ത് വരും ദിനങ്ങളിൽ പ്രദർശിപ്പിക്കാം. യുഎസ് ഫെഡ് റിസർവും ഒത്ത് ചേരലിന് ഒരുങ്ങുന്നുണ്ട്. ഫെഡ് റിസർവ് 75 ബേസീസ് പോയന്റ് ഉയർത്തിയാൽ രൂപ 81 ലേയ്ക്കും തുടർന്ന് 82 ലേയ്ക്കും ചുവടുവെക്കുമെന്നത് പ്രവാസികൾക്ക് ആശ്വാസം പകരും. 
ഓഹരി വിപണിയിലേയ്ക്ക് തിരിഞ്ഞാൽ നിഫ്റ്റി ഉയർന്ന നിലവാരമായ 16,248 ൽ നിന്നും 16,000 ലെ നിർണായക താങ്ങ് തകർത്ത് 15,858 വരെ താഴ്‌ന്നെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച 15,829 ലെ താങ്ങ് നിലനിർത്തി. വാരാന്ത്യം നടത്തിയ തിരിച്ചുവരവിൽ 16,049 ലേയ്ക്ക് ഉയർന്ന് മാർക്കറ്റ് ക്ലോസിങ് നടന്നു. ഈ വാരം 15,870 ലെസപ്പോർട്ട് നിലനിർത്തിയാൽ 16,232-16,415 ലേയ്ക്ക് ഉയരാനാവും. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 15,689 ലേയ്ക്ക് ഇടിയും. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രന്റ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. 
ബോംബെ സെൻസെക്‌സ് 54,481 പോയന്റിൽ നിന്നും കൂടുതൽ കരുത്ത് നേടാനുള്ള ശ്രമം വിജയിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഓപറേറ്റർമാർ വിൽപനയ്ക്ക് തിടുക്കം കാണിച്ചു. ഇതോടെ കഴിഞ്ഞ വാരം സൂചിപ്പിച്ച 53,227 പോയന്റിലെ താങ്ങ് തകർത്ത് സൂചിക 53,163 വരെ ഇടിഞ്ഞു. 
എന്നാൽ വാരാന്ത്യം അൽപം ഉണർവ് കാണിച്ച് 53,760 പോയന്റിൽ ക്ലോസിങ് നടന്നു. ഈ വാരം 54,422-55,084 പോയന്റിൽ പ്രതിരോധവും 53,15752,554 പോയന്റിൽ താങ്ങുമുണ്ട്. 
ഡോളർ സൂചിക തിളങ്ങിയതോടെ തുടർച്ചയായ അഞ്ചാം വാരവും സ്വർണ വില ഇടിഞ്ഞു. ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചന ഡോളറിനെ ശക്തിപ്പെടുത്തി. ഫണ്ടുകൾ സ്വർണത്തിലെ വാങ്ങൽ കുറച്ച് പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചതോടെ രാജ്യാന്തര വില ട്രോയ് ഔൺസിന് 1742 ഡോളറിൽ നിന്നും 1697 ഡോളർ വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 1708 ഡോളറിലാണ്.
പുതിയ സാഹചര്യത്തിൽ സ്വർണം 1818 ഡോളറിൽ പ്രതിരോധം നിലനിർത്തി 1600-1550 ഡോളറിലേയ്ക്ക് തളരാൻ ഇടയുെണ്ടെങ്കിലും സ്വർണ വിപണിക്ക് 1564 ഡോളർ ഏറെ നിർണായകമാണ്. 

Latest News