Sorry, you need to enable JavaScript to visit this website.

പാം ഓയിൽ പ്രവാഹത്തിൽ നാളികേര മേഖല നട്ടം തിരിയുന്നു

വിദേശ പാം ഓയിൽ പ്രവാഹത്തിന് മുന്നിൽ നാളികേര മേഖല നട്ടം തിരിയുന്നു. കാർഷിക മേഖല കുരുമുളക് നീക്കം നിയന്ത്രിച്ചിട്ടും ഉൽപന്ന വില ചാഞ്ചാടി. ആഭ്യന്തര വാങ്ങലുകാർ ജാതിക്കയും ജാതിപ്പൂവും ശേഖരിക്കാൻ ഹൈറേഞ്ചിലെ വിപണികളിൽ ഉത്സാഹിച്ചു. കർക്കിടകം പിറന്നതോടെ മാനം തെളിയുമെന്ന വിശ്വാസത്തിൽ റബർ ഉൽപാദന മേഖല. സ്വർണ വില വീണ്ടും ഇടിഞ്ഞു. 
വിവിധ ഉൽപാദന രാജ്യങ്ങളിൽ കെട്ടിക്കിടക്കുന്ന പാം ഓയിൽ ഏത് വിധേനയും ഇറക്കുമതി രാജ്യങ്ങൾക്ക് മേൽ കെട്ടിവെക്കാനുള്ള സംഘടിത നീക്കത്തിലാണ് കയറ്റുമതി രാജ്യങ്ങൾ. പാം വിളവെടുപ്പ് വേളയായതിനാൽ പരമാവധി വേഗത്തിൽ ഉൽപന്നം കപ്പലിൽ കയറ്റിയില്ലെങ്കിൽ ഇന്തോനേഷ്യൻ സാമ്പത്തിക നില കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുമെന്ന അവസ്ഥയിലാണ്. ഇത് മനസ്സിലാക്കി മലേഷ്യയും സ്റ്റോക്ക് വിറ്റഴിക്കാൻ മത്സരിക്കുകയാണ്. 
മലേഷ്യയിൽ ക്രൂഡ് പാം ഓയിൽ അവധി നിരക്ക് ആറ് മാസത്തിനിടയിൽ ആദ്യമായി 5000 മലേഷ്യൻ റിംഗിറ്റിലേയ്ക്ക് താഴ്ന്നത് വിപണിയെ  സമ്മർദത്തിലാക്കി. അതായത് ടണ്ണിന് 89,000 രൂപയിലേയ്ക്ക് ഇടിഞ്ഞാണ് ഇടപാടുകൾ നടക്കുന്നത്. ആഗോള വിപണിയിൽ പാം ഓയിൽ വില ഇടിയുന്നത് കണ്ട് മുഖ്യ ഇറക്കുമതി രാജ്യങ്ങായ ഇന്ത്യയും പാക്കിസ്ഥാനും വാങ്ങൽ താൽപര്യം കുറച്ച് നിരക്ക് വീണ്ടും ഇടിക്കാനുളള നീക്കങ്ങൾ നടത്തിയെന്ന നിലപാടിലാണ് കയറ്റുമതി ലോബി.
ജൂണിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 14.96 ശതമാനം വളർച്ച രേഖപ്പെടുത്തി 5.90 ലക്ഷം ലിറ്ററായി വർധിച്ചു. മെയിൽ ഇറക്കുമതി 5.14 ലക്ഷം ലിറ്ററായിരുന്നു. 
2021-22 എണ്ണ വർഷത്തിന്റെ ആദ്യ എട്ട് മാസം പാം ഓയിൽ ഇറക്കുമതി 43.30 ലക്ഷം ലിറ്ററാണ്.  വില കുറഞ്ഞ വിദേശ ഭക്ഷ്യയെണ്ണകൾ പ്രദേശിക മാർക്കറ്റുകൾ കൈയടക്കിയതോടെ കൊപ്രയാട്ട് വ്യവസായികൾ നിലനിൽപ് ഭീഷണിയിലാണ്. കർഷകരിൽ നിന്നും ഗ്രാമീണ മേഖലകളിൽ നിന്നും പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി എണ്ണ ഉൽപാദിപ്പിക്കുന്ന ചെറുകിട മില്ലുകാർ ഒരു മാസമായി കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.
തമിഴ്‌നാട്ടിലെ വൻകിട മില്ലുകളും ബഹുരാഷ്ട്ര കമ്പനികളും വെളിച്ചെണ്ണ ലിറ്ററിന് 120-143 രൂപ നിരക്കിൽ വിൽപനയ്ക്ക് ഇറക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കടുത്ത മത്സരങ്ങൾക്ക് മുന്നിൽ പതറുകയാണ് സംസ്ഥാനത്തെ ചെറുകിട മില്ലുകാർ. 
2022 ൽ ഇതിനകം വെളിച്ചെണ്ണ വില ക്വിന്റലിന് 2000 രൂപയും കൊപ്രയ്ക്ക് 1200 രൂപയുടെയും ഇടിഞ്ഞു. കൊച്ചിയിൽ എണ്ണ 13,800 ലും കൊപ്ര 8100 രൂപയിലുമാണ്. 
കുരുമുളകിന്റെ പഴയ പ്രതാപം വീണ്ടടുക്കാൻ ഉൽപാദന മേഖല ചരക്ക് നീക്കം കുടുതൽ നിയന്ത്രിച്ചിട്ടും നിരക്ക് ഉയർന്നില്ല. അന്തർ സംസ്ഥാന വ്യാപാരികൾ വില കുറഞ്ഞ വിദേശ കുരുമുളക് ശേഖരിക്കാൻ ഇതിനിടയിൽ നീക്കം നടത്തിയെങ്കിലും ഇറക്കുമതി ചരക്കിന് ഗുണമേൻമ കുറഞ്ഞത് വാങ്ങലുകാരെ പിൻതിരിപ്പിച്ചു. വിദേശ മുളകിന് വിൽപന കുറഞ്ഞത് ഇറക്കുമതി ലോബിയെയും പ്രതിസന്ധിയിലാക്കി. 
താഴ്ന്ന വിലയ്ക്ക് ഇറക്കുമതി നടത്തിയ മുളക് ഉത്സവ ഡിമാന്റിൽ ഇരട്ടി ലാഭത്തിൽ മറിച്ചു വിൽപന നടത്താനായിരുന്നു പദ്ധതി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 48,600 രൂപയിലും ഗാർബിൾഡ് 50,600 ലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 6300 ഡോളർ.  
ജാതിക്ക, ജാതിപത്രി വിലകളിൽ ഉണർവ്. ആഭ്യന്തര വ്യാപാരികളും വൻകിട കറിമസാല വ്യവസായികളും ഉൽപന്നത്തിൽ കാണിച്ച താൽപര്യം പല വിപണികളിലും വില ഉയർത്തി. 
എന്നാൽ കയറ്റുമതിക്കാർ വിലയിൽ കാര്യമായ മാറ്റത്തിന് തയാറായില്ല. പരമാവധി വില ഇടിച്ച് കിട്ടാവുന്നത്ര ചരക്ക് ശേഖരിക്കുകയാണ് വിദേശ രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ച പല കയറ്റുമതിക്കാരും. കർക്കിടകത്തിൽ മാനം തെളിയുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ. രണ്ടാഴ്ചയായി മഴ മൂലം ടാപ്പിങിന് നിലച്ചതിനാൽ കൈവശമുള്ള ഷീറ്റ് വിൽപനയ്ക്ക് ഇറക്കാൻ കാർഷിക മേഖലയും തയാറായില്ല. ഇതിനിടയിൽ രാജ്യാന്തര അവധി നിരക്കുകളിലെ ഇടിവ് ഉൽപന്നത്തിൽ പ്രതിഫലിച്ചതും വ്യവസായികളെ ചരക്ക് സംഭരണത്തിൽ നിന്നും അകറ്റി. ബാങ്കോക്കിൽ റബർ 15,149 രൂപയിലാണ്. 
കേരളത്തിൽ നാലാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 17,400 രൂപയായി. ചെറുകിട വ്യവസായികൾ വാരാരംഭത്തിൽ അഞ്ചാം ഗ്രേഡ് 16,900-17,400 രൂപയ്ക്ക് ശേഖരിച്ചെങ്കിലും പിന്നീട് നിരക്ക് 16,600-17,100 രൂപയായി താഴ്ത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായതിനാൽ ചുക്കിന് പുതിയ ഓർഡറുകൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാര മേഖല.   ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചുക്ക് വരവ് ചുരുങ്ങിയിട്ടും വിവിധയിനങ്ങൾ 13,500-16,500 രൂപയിൽ മാറ്റമില്ലാതെ തുടർന്നു. 
അറബ് രാജ്യങ്ങൾ ഇന്ത്യൻ ചുക്കിൽ താൽപര്യം നിലനിർത്തി.  കേരളത്തിൽ സ്വർണ വില പവന് 600 രൂപ ഇടിഞ്ഞു. പവൻ 37,560 രൂപയിൽ നിന്നും ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 36,960 ലേയ്ക്ക് ശനിയാഴ്ച ഇടിഞ്ഞു. ഒരു ഗ്രാം സ്വർണ വില 4620 രൂപ. 
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ശക്തമായ വിൽപന സമ്മർദത്തെ അഭിമുഖീകരിക്കുന്നു. ട്രോയ്  ഔൺസിന് 1742 ഡോളറിൽ നിന്നും ഒരവസരത്തിൽ 1697 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 1708 ഡോളറിലാണ്. 
ഏറെ നിർണായകമായ 1700 ലേ സപ്പോർട്ട് ഒരവസരത്തിൽ നഷ്ടപ്പെട്ടത് കണക്കിലെടുത്താൽ സ്വർണം 1600-1550 ഡോളറിലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് വരും മാസങ്ങളിൽ നീക്കം നടത്താം. 1564 ഡോളറിലെ അതിശക്തമായ താങ്ങ് സ്വർണത്തിനുണ്ട്.    

Latest News