റിയാദ് - ജിസാനു നേരെ യെമനിൽ നിന്ന് വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന മിസൈൽ തകർത്തു. വെള്ളിയാഴ്ച വൈകിട്ടാണ് ജിസാൻ ലക്ഷ്യമാക്കി ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടത്. തുടർച്ചയായി മൂന്നാം ദിവസമാണ് ജിസാനു നേരെ ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നത്. വ്യാഴാഴ്ചയും ജിസാനു നേരെ മിസൈൽ ആക്രമണ ശ്രമമുണ്ടായിരുന്നു.
യെമനിൽ ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅ്ദയിൽനിന്നാണ് മിസൈൽ തൊടുത്തുവിട്ടത്. തകർന്ന മിസൈൽ ഭാഗങ്ങൾ ജിസാനിൽ ജനവാസ കേന്ദ്രങ്ങളിൽ ചിന്നിച്ചിതറി. ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
ബുധനാഴ്ച റിയാദും ജിസാനും നജ്‌റാനും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് ശ്രമിച്ച ഹൂത്തികൾ പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് അബഹ എയർപോർട്ടിലും ജിസാനിലും ആക്രമണങ്ങൾ നടത്തുന്നതിനും തുനിഞ്ഞിരുന്നു. ആക്രമണ ശ്രമങ്ങൾ സൗദി സൈന്യം പരാജയപ്പെടുത്തി. റിയാദിലെയും ജിസാനിലെയും നജ്‌റാനിലെയും അബഹയിലെയും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു നേരെയാണ് തങ്ങൾ ആക്രമണങ്ങൾ നടത്തിയതെന്നും ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായും ഹൂത്തികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്യങ്ങളിലെത്തുന്നതിനു മുമ്പായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൗദി സൈന്യം തകർക്കുകയായിരുന്നു. ജിസാനിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ദൂരെ താഴ്‌വരയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. മിസൈൽ ഭാഗം കാണുന്നതിനും ഇതിനുസമീപം നിന്ന് സെൽഫിയെടുക്കുന്നതിനും നിരവധി പേർ ഇവിടെയെത്തി.
അതേസമയം, സൗദി അറേബ്യക്കു നേരെ ഹൂത്തികൾ നടത്തുന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് വിദേശ മന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. സൗദി അറേബ്യക്കെതിരായ ഹൂത്തി മിസൈൽ ആക്രമണത്തിൽ ബ്രിട്ടൻ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ഭീഷണികൾ നേരിടുന്നതിന് സൗദി അറേബ്യക്കൊപ്പം ബ്രിട്ടൻ നിലയുറപ്പിക്കും. റിയാദ് അടക്കമുള്ള ജനവാസ കേന്ദ്രങ്ങളും പശ്ചാത്തല സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് ശ്രമിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകൾ ഏതു വിധേനയാണ് യെമനിൽ എത്തുന്നത് എന്ന കാര്യത്തിൽ ഐക്യരാഷ്ട്ര സംഘടന അന്വേഷണം നടത്തണം. യു.എൻ രക്ഷാ സമിതി തീരുമാനങ്ങൾ ലംഘിച്ചാണ് ബാലിസ്റ്റിക് മിസൈലുകൾ യെമനിലേക്ക് കടത്തുന്നത്.
പ്രകോപനപരമായ പ്രവർത്തനങ്ങൾ മിസൈലുകൾ വിക്ഷേപിക്കുന്നവരും അവരെ പിന്തുണക്കുന്നവരും നിർത്തിവെക്കണം. യെമൻ ജനതയുടെ താൽപര്യങ്ങൾ മുൻനിർത്തിയും മേഖലയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും യെമൻ സംഘർഷം അവസാനിപ്പിക്കുന്നതിന് രാഷ്ട്രീയ ചർച്ചകളിലേക്ക് ഇവർ മടങ്ങണമെന്നും ബോറിസ് ജോൺസൺ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.