Sorry, you need to enable JavaScript to visit this website.

വിദേശ പര്യടനം പൂർത്തിയാക്കി  കിരീടാവകാശി തിരിച്ചെത്തി

യുദ്ധക്കപ്പലുകൾ വാങ്ങുന്നതിന് സ്‌പെയിനുമായി കരാർ
റിയാദ് - അഞ്ചു യുദ്ധക്കപ്പലുകൾ വാങ്ങുന്നതിന് സ്‌പെയിനുമായി സൗദി അറേബ്യ കരാർ ഒപ്പുവെച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനിടെയാണ് പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സൗദി സൈന്യത്തിന്റെ കരുത്ത് വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ കരാർ ഒപ്പുവെച്ചത്. 
ഇതടക്കം പ്രതിരോധ, വ്യോമഗതാഗത, വിദ്യാഭ്യാസ, സാംസ്‌കാരിക, സാങ്കേതിക, വികസന മേഖലകളിൽ സഹകരണത്തിന് ആറു കരാറുകൾ സൗദി അറേബ്യയും സ്‌പെയിനും ഒപ്പുവെച്ചു. യുദ്ധക്കപ്പൽ ഇടപാട് കരാറിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്പാനിഷ് പ്രതിരോധ മന്ത്രി മരിയ ഡൊളോറസ് കോസ്‌പെഡലുമാണ് ഒപ്പുവെച്ചത്. മറ്റു കരാറുകളിൽ ബന്ധപ്പെട്ട മന്ത്രിമാർ ഒപ്പുവെച്ചു. സ്പാനിഷ് ഗവൺമെന്റ് കമ്പനിയായ നവാന്റിയയിൽ നിന്നാണ് യുദ്ധക്കപ്പലുകൾ വാങ്ങുക. പ്രതിരോധ സഹകരണ മേഖലയിൽ 220 കോടി ഡോളറിന്റെ കരാറാണ് സ്‌പെയിനുമായി ഒപ്പുവെച്ചിരിക്കുന്നത്. സൗദി സൈന്യത്തിന് സ്പാനിഷ് സൈന്യം പരിശീലനം നൽകും. സൗദിയിൽ നാവിക നിർമാണ കേന്ദ്രവും സ്ഥാപിക്കും. 
ഫൈറ്റിംഗ് സിസ്റ്റങ്ങളും പ്രോഗ്രാമുകളും വികസിപ്പിക്കൽ, ഇവ യുദ്ധക്കപ്പലുകളിൽ സ്ഥാപിക്കൽ, ഫൈറ്റിംഗ് സിസ്റ്റം നടത്തിപ്പ്-സ്വദേശിവൽക്കരണം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനുള്ള കരാറും ഒപ്പുവെച്ചിട്ടുണ്ട്. സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനിയും സ്‌പെയിനിലെ അവാന്റിയ മറൈൻ ഇൻഡസ്ട്രീസ് കമ്പനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഈ കരാർ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കരാർ പ്രകാരമുള്ള ജോലികളിൽ 60 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ സൈനിക മേഖലയിലെ ധനവിനിയോഗത്തിന്റെ 50 ശതമാനവും സ്വദേശിവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാറുകൾ. നിലവിൽ ഇത് അഞ്ചു ശതമാനം മാത്രമാണ്. 
നിലവിൽ സൗദിയിൽ രണ്ടു മെഗാ പദ്ധതികൾ സ്പാനിഷ് കമ്പനികൾ നടപ്പാക്കിവരികയാണ.് സ്പാനിഷ്, സൗദി കമ്പനികളെ ഉൾപ്പെടുത്തി രൂപീകരിച്ച അൽശുഅ്‌ല കൺസോർഷ്യം ആണ് മക്ക, ജിദ്ദ, മദീന, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈ-സ്പീഡ് റെയിൽവേ പദ്ധതി നടപ്പാക്കുന്നത്. റിയാദ് മെട്രോ പദ്ധതി നടപ്പാക്കുന്ന മൂന്നു കൺസോർഷ്യങ്ങളിൽ ഒന്നിന് നേതൃത്വം നൽകുന്നത് സ്പാനിഷ് കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആയ എഫ്.സി.സി ആണ്. 
വിദേശ പര്യടനം പൂർത്തിയാക്കി കിരീടാവകാശി ഇന്നലെ പുലർച്ചെ റിയാദിൽ തിരിച്ചെത്തി. അമേരിക്ക, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ ഒരു മാസത്തോളം നീണ്ട സന്ദർശനം പൂർത്തിയാക്കിയാണ് കിരീടാവകാശി സ്വദേശത്ത് എത്തിയത്. സൈനിക, പ്രതിരോധ, വ്യവസായ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ ആയിരക്കണക്കിന് കോടി ഡോളറിന്റെ കരാറുകൾ കിരീടാവകാശിയുടെ സന്ദർശനങ്ങൾക്കിടെ ഈ രാജ്യങ്ങളുമായി ഒപ്പുവെക്കുകയും മേഖലാ, അന്താരാഷ്ട്ര പ്രശ്‌നങ്ങൾ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈജിപ്തും ബ്രിട്ടനും സന്ദർശിച്ചതിനു പിന്നാലെയാണ് കിരീടാവകാശി മൂന്നു രാജ്യങ്ങളിലെ പര്യടനത്തിന് യാത്ര തിരിച്ചത്. 


 

Latest News