Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിനിയുടെ മരണം, രണ്ട് അധ്യാപകര്‍ കസ്റ്റഡിയില്‍

കള്ളാക്കുറിശ്ശി- തമിഴ്‌നാട്ടിലെ കല്ലാക്കുറിശ്ശിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപകരെ കസ്റ്റഡിയിലെടുത്തു. രോഷാകുലരായ പ്രതിഷേധക്കാര്‍ ചിന്നസേലത്തിന് സമീപം കണിയാമൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ തകര്‍ത്തു.
അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും സ്‌കൂള്‍ വസ്്തുക്കള്‍ നശിപ്പിച്ചതിനും 300 ഓളം പേരെ  കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച, അക്രമം നടത്തിയ 70 പേരെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന ഒരു വനിതയടക്കം മൂന്ന പേര്‍ കസ്റ്റഡിയിലാണ്.
കണക്കും രസതന്ത്രവും പഠിപ്പിക്കുന്ന രണ്ട് അധ്യാപകരാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ആരോപണങ്ങള്‍ നേരിടുന്നത്. കുട്ടിയെ പഠനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഏതാനും ദിവസം മുമ്പാണ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.  രോഷാകുലരായ പ്രതിഷേധക്കാര്‍ ചിന്നസേലത്തെ സ്‌കൂളില്‍ അതിക്രമിച്ച് കയറുകയായിരുന്നു. കണിയാമൂര്‍ ശക്തി സ്‌കൂളിനും അധ്യാപകര്‍ക്കും എതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കണിയാമൂര്‍ പ്രദേശത്തുള്ള  സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന 17 വയസ്സുകാരിയെ ജൂലൈ 13-നാണ് ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കന്‍ തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് ചെന്നൈയില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ അകലെയാണ് കള്ളാകുറിശ്ശി
ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ അന്തേവാസിയായ പെണ്‍കുട്ടി മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയതായാണ് പറയുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് മുമ്പ് പരിക്കേറ്റിരുന്നതായി സ്ഥരീകരിച്ചിട്ടുണ്ട്.തുടര്‍ന്നാണ്  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 

 

 

Latest News