Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രാണേഷ് കുമാറിന്റെ പിതാവ് മരിച്ച വാഹനാപകടം; വിശദമായി അന്വേഷിക്കും

ആലപ്പുഴ- വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ള (78) യുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അപകടത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ദുരൂഹതയുണ്ടെന്ന് ദൃക്‌സാക്ഷികളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കാറിന്റെ പിന്നിലിടിച്ചെന്ന് കരുതുന്ന മിനിലോറിയും മുന്നിലിടിച്ച ടിപ്പര്‍ ലോറിയും ഈ സമയം ഇന്ധനവുമായി പോയ ടാങ്കര്‍ ലോറിയും പോലീസ് കസ്റ്റഡിയിലാണ്. 
കാറില്‍ തട്ടിയിട്ടില്ലെന്നാണ് മിനിലോറി ഡ്രൈവര്‍ സംഭവ സമയത്ത് പോലീസിന് മൊഴി നല്‍കിയിരുന്നത്. സാധാരണ അപകടമാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മകന്റെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. ഇക്കാര്യം കണക്കിലെടുത്താണ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നത്. 
ചേര്‍ത്തല വയലാറില്‍ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണു മരിച്ചത്. അമൃത ആശുപത്രിയില്‍ പരിശോധനക്ക് പോകുകയായിരുന്നു. ഗോപിനാഥന്‍ പിള്ളയുടെ സഹോദരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ ലെയ്നിലേക്കു തെന്നി മാറിയപ്പോള്‍ മറുവശത്തു നിന്നു വന്ന മിനിലോറി ഇടിച്ചാണ് അപകടം. 
ഗുജറാത്തിലെ ഗാന്ധി നഗറില്‍ 2004 ജൂണ്‍ 15നാണ് പ്രാണേഷ്‌കുമാര്‍ വെടിയേറ്റ് മരിച്ചത്. പ്രാണേഷ്‌കുമാര്‍ ഉള്‍പ്പെടെ നാലു പേരെ തീവ്രവാദികളെന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസ് നടത്തിവരവെയാണു ഗോപിനാഥന്‍ പിള്ളയുടെ അന്ത്യം. മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. പരേതയായ സരസ്വതി ഭായിയാണ് ഗോപിനാഥന്‍ പിള്ളയുടെ ഭാര്യ. പ്രാണേഷിനെ കൂടാതെ അരവിന്ദ് എന്നൊരു മകനുണ്ട്. പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദയും മൂത്ത മകന്‍ സാജിദും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

Latest News