Sorry, you need to enable JavaScript to visit this website.

ഇ.പി ജയരാജന് വിമാന യാത്രാവിലക്ക്

മുംബൈ- മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ നടപടി. ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനകമ്പനിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയത്. വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്ന് ഫര്‍സീന്‍ പ്രതികരിച്ചു. ഈ മാസം 16 മുതല്‍ രണ്ടാഴ്ചത്തേക്കാണ് യാത്രാ വിലക്ക്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നും ഫര്‍സീന്‍ പറഞ്ഞു.
സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നും ഫര്‍സീന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ അക്രമം നടത്താന്‍ കയറിയവരാണെന്ന് കേരള പൊതുസമൂഹത്തില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. അത് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പോലീസിന് ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചില്ല. പക്ഷേ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ കമ്മറ്റിയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതി അന്യമല്ല എന്നുള്ളത് തന്നെയണ് വ്യക്തമാകുന്നതെന്നും ഫര്‍സീന്‍ പറഞ്ഞു.
 

Latest News