Sorry, you need to enable JavaScript to visit this website.

ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി: മമതക്കെന്തേ മൗനം, ബി.ജെ.പിയുമായി ധാരണ?

കൊല്‍ക്കത്ത - പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച് ഒരു ദിവസത്തിലേറെയായി. എന്നാല്‍ ഗവര്‍ണറുമായി നിരന്തര പോരാട്ടത്തിലേര്‍പ്പെട്ട മുഖ്യമന്ത്രി മമതാബാനര്‍ജിയോ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) നേതൃത്വമോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമായ മാര്‍ഗരറ്റ് ആല്‍വയെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാറിന്റെ ന്യൂദല്‍ഹിയിലെ വസതിയില്‍ ഞായറാഴ്ച നടന്ന പ്രതിപക്ഷ യോഗത്തില്‍ നിന്ന് തൃണമൂല്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ സംശയങ്ങള്‍ക്ക് വിത്തുപാകിയിട്ടുണ്ട്.

ജൂലൈ 21 ന് എല്ലാ പാര്‍ട്ടി എം.പിമാരുമായും മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം തന്ത്രം തീരുമാനിക്കുമെന്ന് നിരവധി ടി.എം.സി നേതാക്കള്‍ പറയുന്നുവെങ്കിലും പ്രതിപക്ഷ വിമര്‍ശം മറ്റൊന്നാണ്. ഓഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍.ഡി.എ) നേരിടാന്‍ തൃണമൂല്‍ വിമുഖത കാണിക്കുന്നതായും  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും ധാരണയിലെത്തി എന്നുമാണ് അവര്‍ പറയുന്നത്.

 

Latest News