Sorry, you need to enable JavaScript to visit this website.

ലുലു മാളിലെ നമസ്‌കാരത്തിൽ ആന്റി ക്ലൈമാക്‌സ്; പിന്നിൽ ഗൂഢാലോചന

പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പോലീസ് മേധാവി 

ലഖ്‌നൗ- അടുത്തിടെ ഉദ്ഘാടനം ചെയ്ത ലഖ്‌നൗ ലുലു മാളിലെ നമസ്‌കാര വീഡിയോയ്ക്ക് പിന്നിൽ ആസൂത്രിത ഗൂഡാലോചനയെന്ന് വിലയിരുത്തൽ. ബോധപൂർവം കുഴപ്പമുണ്ടാക്കി ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കമാണെന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏഷ്യയിലെ ഏറ്റവും വലിയ മാൾ ലഖ്‌നൗവിൽ ഉദ്ഘാടനം ചെയ്തത്. ഇതു കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് വിവാദ നമസ്‌കാര വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. വിവാദമുണ്ടായത് മുതൽ ഗൂഡാലോചന സംശയിച്ചിരുന്നുവെങ്കിലും മാളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പോലീസ് പരിേേശാധിച്ചതോടെയാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്. നമസ്‌കാരത്തെ ചൊല്ലി ബഹളമുണ്ടാക്കിയ ഉടൻ ലൗ ജിഹാദ്  പ്രോഗ്രാം,  രാമായണ പാരായണ ആവശ്യങ്ങളുമായി ചിലർ രംഗത്തെത്തിയതോടെ സംഘ പരിവാറിന്റെ കളികളാണ് ഇതിന് പിന്നിലെന്ന വ്യക്തമായ സൂചന ലഭിച്ചു. ബുധനാഴ്ച ഒരു കൊച്ചു സംഘം ലുലു മാളിൽ നടത്തിയ നമസ്‌കാരത്തിന്റെ വീഡിയോ ഫൂട്ടേജ് ആധാരമാക്കിയാണ് പോലീസ് അന്വേഷിക്കുന്നത്. നമസ്‌കരിച്ച് ഒട്ടും ശീലമില്ലാത്ത ഇവർ മുസ്‌ലിംകളല്ലാതിരിക്കാനാണ് കൂടുതൽ സാധ്യത. എട്ട് പേർ ഒരുമിച്ചാണ് മാളിൽ പ്രവേശിച്ചത്. ധൃതി പിടിച്ച് ഒരു സ്ഥലം കണ്ടെത്തി നമസ്‌കാരിക്കനായിരുന്നു പദ്ദതി. ഇവരാരും തന്നെ മാൾ കാണാനോ, ഏതെങ്കിലും ഷോ റൂമിൽ കയറാനോ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇത്രയും മനോഹരമായ കെട്ടിട സമുച്ചയം കാണാനെത്തിയിട്ട് സെൽഫിയെടുക്കാനും ഉത്സാഹം കാണിച്ചിട്ടില്ല. സംഘം ഒരിടത്തു നിന്നും ഒന്നും വാങ്ങിയതുമില്ല. ധൃതിയിൽ എവിടെയങ്കിലും സ്ഥലം കണ്ടെത്തി നമസ്‌കരിക്കാനായിരുന്നു പ്ലാൻ. ആദ്യം ബേസ്‌മെന്റിലും ഒന്നാം നിലയിലും ശ്രമിച്ചു. തിരക്കേറിയ ഇവിടങ്ങളിൽ സെക്യൂരിറ്റി അനുവദിച്ചില്ല. തുടർന്നാണ് താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലെത്തിയത്. ആറ് പേർ നമസ്‌കരിക്കുന്ന വ്യാജേന ഇരുന്നു. മറ്റു രണ്ടു പേർ വീഡിയോ ചിത്രീകരണവും ഫോട്ടോഗ്രാഫിയും നിർവഹിച്ചു. സാധാരണ ഗതിയിൽ നമസ്‌കാരത്തിന് ഏഴ് മിനുറ്റ് വരെ സമയമെടുക്കുമ്പോൾ ഇവരുടെ നമസ്‌കാരം ഒരു മിനുറ്റിൽ താഴെ -പതിനെട്ട് സെക്കന്റ്- സമയമെടുത്താണ് പൂർത്തീകരിച്ചത്. ഇവർക്ക് നമസ്‌കാരത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തമാണെന്ന് ലഖ്‌നൗ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. കുഴപ്പമുണ്ടാക്കാനെത്തിയവരെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ വൈകാതെ അറസ്റ്റ് ചെയ്യാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇവരുടെ പ്രാർഥനയ്ക്ക് വേറെയും പ്രശ്‌നമുണ്ട്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ കിബ്‌ലയായ മക്കയിലെ കഅബയെ അഭിമുഖീകരിച്ചാണ് നമസ്‌കരിക്കാറുള്ളത്. ഇവർ തോന്നിയത് പോലെ നിന്നാണ് നമസ്‌കരിച്ചത്. ഇതിൽ നിന്നു തന്നെ ഇവർക്ക് നമസ്‌കാരത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് വ്യക്തമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകയായ താഹിറ ഹസ്സൻ പറഞ്ഞു. തുടക്കം മുതലേ ഗൂഡാലോചന ആരോപിച്ച ആളാണ് താഹിറ. രണ്ടു ലക്ഷത്തിലേറെ മുസ്‌ലിം ജനസംഖ്യയുള്ള നഗരമാണ് യു.പി തലസ്ഥാനം. ലഖ്‌നൗ നഗരത്തിലെ മതസൗഹാർദമെന്നത് ഗംഗയും യമുനയേയും പോലെയാണ്. ഇത് തകർക്കാനാണ് ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചത്. മുസ്‌ലിംകൾ പ്രാർഥനയ്ക്ക് വരുന്നത് ഫോട്ടോയും വീഡിയോയും എടുക്കാനല്ലെന്ന് മറ്റൊരു സാമൂഹിക പ്രവർത്തകനായ ദീപക് കബീറും പറഞ്ഞു. ഇവർ പ്രാർഥനയിലും കൂടടുതൽ താൽപര്യം ചിത്രീകരിക്കാനും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാനും ഉത്സാഹം കാണിച്ചത് സംശയാസ്പദമാണെന്ന് അദ്ദേഹവും പറഞ്ഞു. 
 

Latest News