Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു

ന്യൂദല്‍ഹി- ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പൈലറ്റ് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചുവെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതെന്നും ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ പറഞ്ഞു.
യാത്രക്കാരെ ഹൈദരാബാദില്‍ എത്തിക്കാന്‍ കറാച്ചിയിലേക്ക് മറ്റൊരു വിമാനം അയക്കുമെന്നും കമ്പനി അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണിത്.
നേരത്തെ, ജൂലൈ അഞ്ചിന് ന്യൂദല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് മുന്‍കരുതലായി പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം;
വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെതിരെ ദേശ സുരക്ഷാ നിയമം ചുമത്തി

ലഖ്‌നൗ- പ്രവാചക നിന്ദക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജൂണ്‍ 10-ന് പ്രയാഗ് രാജ് നഗരത്തില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും വ്യവസായിയുമായ ജാവേദ് മുഹമ്മദിനെതിരെ ജില്ലാ ഭരണകൂടം ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി.
സസ്പെന്‍ഡ് ചെയ്ത ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം ജാവേദ് ഇപ്പോള്‍ ഡിയോറിയ ജില്ലാ ജയിലിലാണ്.
പ്രതിഷേധം അക്രമാസക്തമായെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ജാവേദിനെതിരെ പ്രയാഗ്രാജിലെ ജില്ലാ ഭരണകൂടമാണ് എന്‍.എസ്.എ ചുമത്തിയത്. അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാവേദ് മുഹമ്മദിന്റെ പ്രയാഗ് രാജിലെ വീട് അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. വസതി പൊളിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട നിരവധി ഹരജികള്‍ സുപ്രീം കോടതിയിലാണ്.  

അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന്
പെണ്‍കുട്ടിയുടെ ആത്മഹത്യ;  സ്്കൂള്‍ വസ്തുക്കള്‍ കത്തിച്ചു

കല്ലാക്കുറിച്ചി- തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ സ്‌കൂളിന് മുന്നില്‍ രണ്ട് അധ്യാപകരുടെ പീഡനം ആരോപിച്ച് പെണ്‍കുട്ടി  ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാര്‍ ഒരു ബസ് മറിച്ചിടാന്‍ ശ്രമിക്കുകയും അതേസ്‌കൂള്‍ വസ്തുക്കള്‍ കത്തിക്കുയും ചെയ്തു. വിദ്യാര്‍ത്ഥിനി ആത്മഹത്യാ കുറിപ്പില്‍ രണ്ട് അധ്യാപകരുടെ പേരുകള്‍ വ്യക്തമാക്കിയിരുന്നു.
അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്
ജൂലായ് 13-ന്  സ്‌കൂള്‍ ഗ്രൗണ്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ്  സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും് പോലീസിനെ വിളിക്കുകയും ചെയ്തത്. ആശുപത്രിയില്‍ എത്തിച്ചാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും മരണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെയും നടപടിയെടുക്കാത്തതിനെതിരെയാണ് പ്രതിഷേധം. അധ്യാപകരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും മാനേജ്മെന്റ് നടപടിയൊന്നും എടുത്തിരുന്നില്ല. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. പ്രതിഷേധക്കാര്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ വസ്തുക്കള്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നടപടി ആവശ്യപ്പെട്ട് കുറച്ചുനാളായി പ്രതിഷേധത്തിലായിരുന്നു. അക്രമികള്‍ക്കും സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കും എതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടിക്ക് പരിക്കേറ്റതായാണ് സ്‌കൂള്‍ അധികൃതരാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍ പിന്നീട് അവളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.
രക്തസ്രാവം മൂലവും ഷോക്കേറ്റുമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകളുടെ കാരണത്തെക്കുറിച്ച് ചോദിക്കുന്ന മാതാപിതാക്കള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

കൂടെ ഉറങ്ങാന്‍ സമ്മതിച്ചില്ല, ഭാര്യയെ
കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

മുംബൈ- കൂടെ കിടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മുംബൈയിലെ മലാഡ് പ്രദേശത്ത് 58 കാരനായ ഭര്‍ത്താവ് ഭാര്യയെ  കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തി.
കൊലപാതകം നടത്തിയതിന് ശേഷം പോലീസില്‍ കീഴടങ്ങിയ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
മലാഡിലെ മാല്‍വാനി ഏരിയയിലാണ് സംഭവം. ഗ്യാന്‍ദേവ് ഗണ്‍പത് ബലാഡെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത് ഉറങ്ങാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഭാര്യ വിജയ്മാല ബലഡെയെ (48) കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. വഴക്ക് മൂര്‍ച്ചിച്ചപ്പോഴാണ് പ്രതി തലയില്‍ കനത്ത കല്ല് കൊണ്ട് അടിച്ചതെന്നും  രക്തമൊഴുകുന്നതു കണ്ട പ്രതി പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പോലീസ്  സ്‌ക്വാഡ് സ്ഥലത്ത് എത്തുമ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. അവളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തോക്കുമായി സെല്‍ഫി എടുക്കുന്നതിനിടെ
വെടി പൊട്ടി യുവാവ് മരിച്ചു

ഉന്നാവോ- തോക്കുമായി സെല്‍ഫി എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. വീട്ടിലെ മുറിയില്‍ വെച്ച് യുവാവ് തലയില്‍ റിവോള്‍വര്‍  വെച്ച് സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ ട്രിഗര്‍ വലിക്കുകയായിരുന്നു. ക്ഷേത്രയുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വെടിയൊച്ച കേട്ട് വീട്ടുകാര്‍ മുറിയിലേക്ക് ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.
17 കാരനായ സുചിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ക്ഷേത്രവളപ്പില്‍ ഇറച്ചിക്കഷണങ്ങള്‍
വലിച്ചെറഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; കടകള്‍ കത്തിച്ചു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ അജ്ഞാതരായ ചിലര്‍ ഗ്രാമത്തിലെ ക്ഷേത്ര വളപ്പിലേക്ക് ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ നിരവധി കടകള്‍ക്ക് തീയിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ട് സ്ഥലങ്ങളില്‍ വിഗ്രഹങ്ങള്‍ അവഹേളിച്ചതായും ഇത് പ്രതിഷേധം രൂക്ഷമാക്കിയതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ്  രാകേഷ് മിശ്ര പറഞ്ഞു.

 

Latest News